Friday, July 4, 2025

ചാവക്കാട് പോലീസ് സ്റ്റേഷനിലേക്ക് ബി.ജെ.പി മാർച്ച്; 35 ഓളം പേർക്കെതിരെ കേസ്

ചാവക്കാട്: കവർച്ച കേസിൽ സി.പി.എം നേതാവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ചാവക്കാട്  പോലീസ് സ്റ്റേഷനിലേക്ക് ബി.ജെ.പി നേതൃത്വത്തിൽ മാർച്ച് നടത്തിയ സംഭവത്തിൽ 35 ഓളം പേർക്കെതിരെ പോലീസ് കേസെടുത്തു. മണ്ഡലം പ്രസിഡന്റ് വർഷ മണികണ്ഠൻ, മണ്ഡലം വൈസ് പ്രസിഡന്റ് ഗണേശ് ശിവജി, മണ്ഡലം ജനറൽ സെക്രട്ടറി പ്രതീഷ് അയിനിപ്പുളി, വിനോദ് പുന്ന, വിനോദ് പണിക്കശ്ശേരി, സുഗന്ധ വേണി തിരുവത്ര എന്നിവർ ഉൾപ്പെടെ 35ഓളം പേർക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. അന്യായമായി സംഘം ചേർന്ന് ഗതാഗതവും  ജനസഞ്ചാരവും തടസ്സപ്പെടുത്തിയതിനാണ് കേസ്. ഇന്ന് രാവിലെ നടന്ന മാർച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചിരുന്നു. പോലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ മാർച്ച് കഴിഞ്ഞതിനുശേഷം പ്രവർത്തകർ   മറിച്ചിടാൻ ശ്രമിച്ചപ്പോഴാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. ചാവക്കാട് കോടതി പരിസരത്ത് നിന്ന് കാറും മൊബൈൽ ഫോണും പണവും കവർന്ന കേസിൽ സി.പി.എം തിരുവത്ര ലോക്കൽ സെക്രട്ടറി കെ.എച്ച് സലാമിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധ മാർച്ച്. കേസിൽ തിരുവത്ര സ്വദേശി അനസിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജനുവരി 6 ന് ഉച്ചക്ക്  1.30 ന് ചാവക്കാട് കോടതി പരിസരത്ത് വച്ചായിരുന്ന കവർച്ച നടന്നത്. അന്നകര സ്വദേശി രതീഷിനെയും ഭാര്യയെയും ആക്രമിച്ച് കാറും 49,000 രൂപയും മൊബൈൽ ഫോണും കവർന്നതായാണ് പരാതി. സി.പി.എം നേതാവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരും ചാവക്കാട് സ്റ്റേഷനിലേക്ക് മാർച്ച് സംഘടിപ്പിച്ചിരുന്നു. മാർച്ച് നടത്തിയ 150 ഓളം പേർക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments