ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിലെ നിയമനങ്ങളുമായും പ്രാദേശികരുടെ ക്ഷേത്ര ദർശനമായും സി.പി.എം നടത്തുന്ന കള്ളക്കളികൾ ജനം തിരിച്ചിറിയുമെന്ന് ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി ഉദയൻ. സി.പി.എം നിയന്ത്രിക്കുന്ന ദേവസ്വം ഭരണസമിതിയെ കൊണ്ട് ജനദ്രോഹ നടപടികൾ നടത്തിയ ശേഷം ഗുരുവായൂരിലെ ജനങ്ങളെ വിഡ്ഡികളാക്കാൻ ശ്രമിക്കുകയും ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ശ്രമിക്കുകയുമാണ് സി.പി.എം ചെയ്യുന്നത്. ദേവസ്വത്തിൽ വർഷങ്ങളായി ജോലി ചെയ്തു വരുന്ന താത്ക്കാലികക്കാരുടെ കുടുംബങ്ങളെ തെരുവിലിറക്കിവിടുന്ന സമീപനം സ്വീകരിച്ച ശേഷം അവരുടെ കുടുംബങ്ങളുടെ ആശങ്ക അകറ്റുന്നതിനോ, കണ്ണീരൊപ്പുന്നതിനോ ചെറുവിരൽ അനക്കാത്ത സി.പി.എം നേതൃത്വം ഇപ്പോൾ മുതലക്കണ്ണീർ ഒഴുക്കുകയാണ്. പ്രാദേശിക നിവാസികളുടെ ക്ഷേത്ര ദർശന വിഷയത്തിലും ഇതുതന്നെയാണ് സി.പി.എമ്മിന്റെ നിലപാട്. ക്ഷേത്ര ദർശന കാര്യത്തിൽ ഇനിയും തീരുമാനമെടുക്കാതെ ഭരണസമിതി മുന്നോട്ടുപോയാൽ ശക്തമായ പ്രതിഷേധം നേരിടേണ്ടി വരുമെന്നും ഉദയൻ പറഞ്ഞു.