ഗുരുവായൂർ: ഗുരുവായൂരിലെ പ്രാദേശിക നിവാസികൾക്ക് ക്ഷേത്ര ദർശനത്തിനും മറ്റുമായി ഗുരുവായൂർ ദേവസ്വം അനുവദിച്ചു വരുന്ന പ്രത്യേക പരിഗണനകളും സൗകര്യങ്ങളും കൂടുതൽ മെച്ചപ്പെടുത്താൻ ദേവസ്വം ഭരണസമിതി തയ്യാറാവണമെന്ന് സി.പി.എം ഗുരുവായൂർ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. കേരളത്തിൻ്റെ മൊത്തം ജനസംഖ്യയിലധികം ജനങ്ങൾ ഒരു വർഷം തീർത്ഥാടനത്തിനായി എത്തുന്ന തീർത്ഥാടന കേന്ദ്രമാണ് ഗുരുവായൂർ. ദിനംപ്രതി തീർത്ഥാടകരുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. തീർത്ഥാടകർക്ക് കൂടുതൽ സൗകര്യങ്ങളും മെച്ചപ്പെട്ട സേവനങ്ങളും ഉറപ്പു വരുത്തുന്നതിന് ദേവസ്വം നടത്തുന്ന പരിശ്രമകൾ ഗ്ലാഘനീയമാണ്. ഇത്തരം ക്രമീകരണങ്ങളുടെ ഭാഗമായി പ്രാദേശികവാസികൾക്കു ദേവസ്വംഭരണ സമിതി ഇപ്പോൾ നൽകി വരുന്ന ചില സൗകര്യങ്ങളിൽ ചെറിയ തോതിൽ പോലും പ്രയാസങ്ങൾ നിഴലിക്കാതിരിക്കാൻ ഭരണ സമിതി ജാഗ്രത പുലർത്തേണ്ടതുണ്ട്. പ്രദേശവാസികൾക്ക് നിലവിൽ ദർശനത്തിനായി അനുവദിച്ചിട്ടുള്ള സമയം വർദ്ധിപ്പിക്കുവാൻ തയ്യാറാവണം. അനുവദിക്കുന്ന സമയത്ത് മറ്റു തടസ്സങ്ങളില്ലാതെയും ദീർഘസമയം ക്യൂവിൽ നിർത്താതെയും അകത്തേക്ക് കയറുവാൻ സൗകര്യമൊരുക്കണം. പ്രാദേശികവാസികൾ മുൻപ് ക്ഷേത്രത്തിലേക്ക്പ്രവേശിച്ചിരുന്ന അനുയോജ്യമായ വരിയിലൂടെ തന്നെ ദർശനസൗകര്യം അനുവദിക്കണം. വർദ്ധിച്ചവരുന്ന തീർത്ഥാടകതിരക്ക് പരിഗണിച്ചു കൊണ്ട് പ്രാദേശിക നിവാസികൾക്ക് ലഭ്യമാക്കിയിട്ടുള്ള പ്രത്യേക പരിഗണനകളും സൗകര്യ-സേവനങ്ങളും കുടുതൽ പരിഷ്കരിക്കാനും ദേവസ്വം മാനേജ് കമ്മിറ്റി തയ്യാറാവണമെന്നും സി.പി.എം ലോക്കൽ കമ്മിറ്റിക്ക് വേണ്ടി സെക്രട്ടറി കെ.ആർ സൂരജ് ആവശ്യപ്പെട്ടു.