ഗുരുവായൂർ: ഗുരുവായൂർ നഗരസഭയുടെ മൂന്ന് ദിവസത്തെ വേനലവധിക്കാലക്യാമ്പിന് തുടക്കമായി. ഗാനരചയിതാവും കവിയുമായ ബി ഹരിനാരായണൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് ഏറെ പ്രിയങ്കരമായതാണ് വേനൽ അവധിക്കാലം കൂട്ടുകാരുമൊത്ത് മനസ്സ് തുറന്നു കളിച്ചും,ചിരിച്ചും, സന്തോഷവും സൗഹൃദവും പങ്കിടാനാകുന്ന നല്ല കാലം, ആസ്വാദനത്തിന്റെ പൂർണ്ണതയിലെത്തുന്ന മധുരമാകണം ഈ അവധിക്കാല ക്യാമ്പെന്ന് അദ്ദേഹം പറഞ്ഞു. മാറിയ കാലഘട്ടത്തിലും കുട്ടികൾക്കായി ക്യാമ്പ് സംഘടിപ്പിച്ച നഗരസഭയുടെ ഇടപെടലുകളെ അദ്ദേഹം പ്രശംസിച്ചു. നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ അനീഷ്മ ഷനോജ് സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി അധ്യക്ഷന്മാരായ എ.എം ഷെഫീർ, എ സായിനാഥൻ, കൗൺസിലർ കെ.പി ഉദയൻ എന്നിവർ സംസാരിച്ചു. നഗരസഭ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കാളികളായി. മാജിക്കൽ ഗണിതം, അഭിനയത്തിന്റെ നാട്ടുവഴികൾ, കൈവിരുതിൽ കല എന്നീ വിഷയങ്ങളിൽ അനിൽ പരപ്പനങ്ങാടി, ജനൽ മിത്ര താനൂർ, സജീഷ് മാവേലിക്കര, എന്നിവർ മൂന്നുദിവസത്തെ ക്യാമ്പിനെ നയിക്കും. 16ന് കുട്ടികളുമായി വിനോദയാത്രയും ഉണ്ടാകും.
