Thursday, May 8, 2025

കര്‍ദിനാള്‍ റോബര്‍ട്ട് പ്രെവോസ്റ്റ് പുതിയ മാര്‍പാപ്പ, ഇനി ലിയോ XIV ; യു.എസില്‍ നിന്നുള്ള ആദ്യ പോപ്പ്

വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ പുതിയ ഇടയനായി അമേരിക്കയില്‍ നിന്നുള്ള കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാൻസിസ് പ്രിവോസ്റ്റ് തിരഞ്ഞെടുക്കപ്പെട്ടു.അദ്ദേഹം ഇനി മുതല്‍ ലിയോ പതിനാലാമന്‍ എന്നറിയപ്പെടും. കോണ്‍ക്ലേവ് കൂടി രണ്ടാം ദിനമാണ് 267-ാമത്തെ പാപ്പയെ തിരഞ്ഞെടുത്തത്. യുഎസില്‍ നിന്നുള്ള ആദ്യ മാര്‍പാപ്പയാണ് 69 കാരനായ കര്‍ദിനാള്‍ റോബര്‍ട്ട് പ്രിവോസ്റ്റ്.

1955 സെപ്റ്റംബര്‍ 14-ന് ചിക്കാഗോയില്‍ ജനിച്ച കര്‍ദിനാള്‍ റോബര്‍ട്ട് പ്രിവോസ്റ്റ് 1973-ല്‍ ഓര്‍ഡര്‍ ഓഫ് സെന്റ് അഗസ്റ്റിന്‍ മൈനര്‍ സെമിനാരിയില്‍ സെക്കന്‍ഡറി പഠനം പൂര്‍ത്തിയാക്കി. 1977-ല്‍ വില്ലനോവ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഗണിതശാസ്ത്രത്തില്‍ ബിരുദം നേടി.

പുരോഹിതനാകാന്‍ തീരുമാനിച്ച പ്രിവോസ്റ്റ്, 1977 സെപ്റ്റംബറില്‍ ഓര്‍ഡര്‍ ഓഫ് സെന്റ് അഗസ്റ്റിന്‍ സന്ന്യാസ സഭയില്‍ ചേര്‍ന്നു. 1978 സെപ്റ്റംബറില്‍ ഓര്‍ഡറിലേക്ക് തന്റെ ആദ്യ വ്രതം എടുത്തു, 1981 ഓഗസ്റ്റില്‍ നിത്യ വ്രതം സ്വീകരിച്ചു. അടുത്ത വര്‍ഷം, 1982-ല്‍, ചിക്കാഗോയിലെ കാത്തലിക് തിയോളജിക്കല്‍ യൂണിയനില്‍ നിന്ന് മാസ്റ്റര്‍ ഓഫ് ഡിവിനിറ്റി ബിരുദം കരസ്ഥമാക്കി. 1984-ല്‍ റോമിലെ പൊന്തിഫിക്കല്‍ കോളേജ് ഓഫ് സെന്റ് തോമസ് അക്വിനാസില്‍ നിന്ന് കാനന്‍ ലോയില്‍ ലൈസന്‍ഷ്യേറ്റും 1987-ല്‍ കോനന്‍ നിയമത്തില്‍ പി.എച്ച്ഡിയും നേടി.

1985-1986, 1988-1998 കാലഘട്ടങ്ങളില്‍ പെറുവില്‍ ഇടവക വികാരിയായും, സെമിനാരി അധ്യാപകനായും, അഡ്മിനിസ്ട്രേറ്ററായും സേവനമനുഷ്ഠിച്ചു. 1985 മുതല്‍ 1986 വരെ ചുലുക്കാനാസിന്റെ ടെറിട്ടോറിയല്‍ പ്രെലാച്വറിന്റെ ചാന്‍സലറായി സേവനമനുഷ്ഠിച്ചു. 1987-ല്‍ ചിക്കാഗോയിലെ ഓഗസ്റ്റീനിയന്‍ പ്രോവിന്‍സിന്റെ വൊക്കേഷന്‍ പാസ്റ്ററായും മിഷന്‍ ഡയറക്ടറായും പ്രവര്‍ത്തിച്ചു.

1988-ല്‍ അദ്ദേഹം പെറുവിലേക്ക് മടങ്ങി, അടുത്ത പത്ത് വര്‍ഷം ട്രൂജിയോയിലെ ഓഗസ്റ്റീനിയന്‍ സെമിനാരിയുടെ തലവനായി. ഡയോസിസന്‍ സെമിനാരിയില്‍ കാനന്‍ ലോ പഠിപ്പിച്ച അദ്ദേഹം, പ്രീഫെക്ടായും പ്രവര്‍ത്തിച്ചു. ട്രൂജിയോയിലെ പ്രാദേശിക എക്ലിസിയാസ്റ്റിക്കല്‍ കോടതിയുടെ ജഡ്ജി, ട്രൂജിയോയുടെ കോളേജ് ഓഫ് കണ്‍സള്‍ട്ടേഴ്സിന്റെ അംഗം എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു. 2013 വരെ ഓര്‍ഡര്‍ ഓഫ് സെന്റ് അഗസ്റ്റിന്റെ പ്രയര്‍ ജനറലായും പ്രവര്‍ത്തിച്ചു. 2015 മുതല്‍ 2023 വരെ പെറുവിലെ ചിക്ലായോയുടെ ബിഷപ്പായും, 2001 മുതല്‍ 2015-ല്‍ പെറുവിന്റെ നാഷണല്‍ സിവില്‍ രജിസ്ട്രി സ്ഥിരീകരിച്ചതനുസരിച്ച് കാര്‍ഡിനല്‍ പ്രിവോസ്റ്റ് പെറുവിന്റെ പൗരത്വം സ്വീകരിച്ചു. 2023-ലാണ് കര്‍ദിനാളാകുന്നത്. 2023 മുതല്‍ ഡികാസ്റ്ററി ഫോര്‍ ബിഷപ്പ്സിന്റെ പ്രീഫെക്ടും പൊന്തിഫിക്കല്‍ കമ്മീഷന്‍ ഫോര്‍ ലാറ്റിന്‍ അമേരിക്കയുടെ പ്രസിഡന്റുമായിരുന്നു.വത്തിക്കാനില്‍ താരതമ്യേന കുറഞ്ഞ പ്രൊഫൈല്‍ നിലനിര്‍ത്തിയെങ്കിലും, ബിഷപ്പ് നാമനിര്‍ദ്ദേശങ്ങള്‍ മാര്‍പാപ്പയ്ക്ക്് സമര്‍പ്പിക്കാന്‍ തീരുമാനിക്കുന്ന വോട്ടിംഗ് ബ്ലോക്കില്‍ മൂന്ന് സ്ത്രീകളെ ഉള്‍പ്പെടുത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഏറ്റവും പ്രധാനപ്പെട്ട പരിഷ്‌കാരങ്ങളിലൊന്നില്‍ അദ്ദേഹം പങ്കാളിയായി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments