ഗുരുവായൂർ: രണ്ട് ദശാബ്ദത്തിലേറെയായി ആരോഗ്യ-ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന ഗുരുവായൂർ ഹെൽത്ത് കെയർ ആൻ്റ് സോഷ്യൽ വെൽഫെയർ അസോസിയേഷന്റെ കാരുണ്യ പദ്ധതിയായ ഉച്ചക്ക് ഒരു പൊതിച്ചോർ 1111 -ാം ദിവസം ആഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മെയ് 4 ന് രാവിലെ 11ന് കൈരളി ജംഗ്‌ഷനിൽ പൊതിച്ചോർ വിതരണം ചെയ്യുന്ന അങ്കണത്തിൽ എൻ.കെ അക്‌ബർ എം.എൽ.എ ആഘോഷപരിപാടി ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർമാൻ എം കൃഷ്‌ണദാസ് മുഖ്യാതിഥിയാകും. ചടങ്ങിൽ പൊതിച്ചോറ് വിതരണം ഏറ്റവും കൂടുതൽ ദിവസം സ്പോൺസർ ചെയ്‌ത ക്ലബ്ബ് അംഗം ജോസഫ് ബാബു, എല്ലാ ദിവസവും എത്തി പൊതിച്ചോർ വിതരണം ചെയ്യുന്ന ക്ലബ്ബ് വൈസ് പ്രസിഡന്റ് പി.എം ഷംസുദീൻ, പൊതിച്ചോർ വിതരണത്തിൻ്റെ നടപടി ക്രമങ്ങൾ നിർവ്വഹിക്കുന്ന പൊതിച്ചോർ വിതരണത്തിന്റെ കൺവീനർ പി സുനിൽകുമാർ, പൊതിച്ചോർ വിതരണം ചെയ്യുന്ന ഗുരുവായൂരിലെ കുടുംബശ്രീ ജനകീയ ഹോട്ടൽ അധികാരി എന്നിവരെ ആദരിക്കും. വിശിഷ്ട അതിഥികൾ ചേർന്ന് പൊതിച്ചോർ വിതരണത്തിൻ്റെ തുടർച്ച ഉദ്ഘാടനം ചെയ്യും. ഭാരവാഹികളായ ആർ ജയകുമാർ, എം.എ ആസിഫ് , പി മുരളീധരൻ, പി.എം ഷംസുദ്ധീൻ, പി സുനിൽകുമാർ, പി ശ്യാംകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.