ഗുരുവായൂർ: വൈശാഖ മാസ പുണ്യവുമായി ഗുരുവായൂർ ദേവസ്വം നടത്തിയ നാലാമത് അഷ്ടപദി സംഗീതോൽസവം ഭക്തസഹസ്രങ്ങൾക്ക് ആത്മീയ നിറവായി. 120 ലേറെ കലാകാരൻമാർ അഷ്ടപദിയർച്ചനയിൽ പങ്കെടുത്ത് ഭഗവദ് സായൂജ്യം നേടി. ശ്രീ ഗുരുവായൂരപ്പൻ്റെ ഇഷ്ടഗീതമായ അഷ്ടപദിയുടെ പ്രചാരണത്തിനും പ്രോൽസാഹനത്തിനുമായി ദേവസ്വം ഏർപ്പെടുത്തിയ ജനാർദ്ദനൻ നെടുങ്ങാടി സ്മാരക ശ്രീ ഗുരുവായൂരപ്പൻ അഷ്ടപദി പുരസ്കാരം സാംസ്കാരിക സമ്മേളനത്തിൽ അഷ്ടപദി ആചാര്യൻ തിരുനാവായ ശങ്കര മാരാർക്ക് കലാമണ്ഡലം കൽപ്പിത സർവ്വകലാശാല രജിസ്ട്രാർ ഡോ.പി.രാജേഷ് കുമാർ സമ്മാനിച്ചു. ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ അധ്യക്ഷത വഹിച്ചു. പുരസ്കാര നിർണയ സമിതി അംഗം അമ്പലപ്പുഴ വിജയകുമാർ പുരസ്കാര സ്വീകർത്താവിനെ പരിചയപ്പെടുത്തി. അഷ്ടപദിപുരസ്കാര നിർണയ സമിതി അംഗങ്ങളായ ഡോ.സദനം ഹരികുമാർ, അമ്പലപ്പുഴ വിജയകുമാർ എന്നിവർ സന്നിഹിതരായി.ദേവസ്വം ഭരണസമിതി അംഗം ബ്രഹ്മശ്രീ.മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് സ്വാഗതവും പ്രസിദ്ധീകരണ വിഭാഗം അസിസ്റ്റന്റ് മാനേജർ കെ.ജി സുരേഷ് കുമാർ നന്ദിയും പറഞ്ഞു.തുടർന്ന് പുരസ്കാര സ്വീകർത്താവായ തിരുനാവായ ശങ്കര മാരാരുടെ വിശേഷാൽ അഷ്ടപദി കച്ചേരിയും അരങ്ങേറി.