ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര ദർശനം വീഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൽ റീൽസായി പങ്കുവെച്ച സംഭവത്തിൽ ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖറിനെതിരായ പരാതിയിൽ കോൺഗ്രസ് നേതാവിന്റെ മൊഴി ഇന്ന് പോലിസ് രേഖപ്പെടുത്തും. കെ.പി.സി.സി മീഡിയ പാനലിസ്റ്റും ഹൈക്കോടതി അഭിഭാഷകനുമായ വി.ആർ അനൂപാണ് ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷനിൽ നേരിട്ട് ഹാജരായി മൊഴി നൽകുക. ഇക്കഴിഞ്ഞ 22 ന് രാവിലെ ഗുരുവായൂർ ക്ഷേത്രദർശനം നടത്തിയപ്പോഴാണ് രാജീവ് ചന്ദ്രശേഖർ ദർശനത്തിനെത്തുന്നതിന്റെ ദൃശ്യങ്ങൾ റീൽസായി ഫേസ്ബുക്കിൽ പങ്കുവെച്ചത്. വിഷു ദിവസം മാധ്യമങ്ങൾക്കു ഉൾപ്പെടെ ദൃശ്യങ്ങൾ പകർത്താൻ നിയന്ത്രണം ഏർപ്പെടുത്തിയ മേഖലയിലാണ് റീൽസ് ചിത്രീകരിച്ചത്. കൂടാതെ ഇതേ സ്ഥലത്ത് റീൽസ് ചിത്രീകരിച്ച ജസ്ന സലീമിനെതിരെ കലാപശ്രമത്തിന് പോലീസ് കേസെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് വി.ആർ അനൂപ് രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഗുരുവായൂർ ടെമ്പിൾ പോലീസിൽ പരാതി നൽകിയിരുന്നത്. എന്നാൽ ഇതുവരെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റിനെതിരെ കേസെടുക്കാൻ പോലീസ് തയ്യാറായിരുന്നില്ല.