ചാവക്കാട്: ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ കോള്‍പ്പടവുകളിലെ പ്രവര്‍ത്തികളുടെയും ഗ്രീന്‍ ഗുരുവായൂര്‍ പദ്ധതികളുടെയും അവലോകനയോഗം ചേർന്നു. എന്‍.കെ അക്ബർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മെയ് മാസത്തോടെ കെ.എല്‍.ഡി.സി മുഖേന നടത്തുന്ന അടിസ്ഥാനസൌകര്യവികസന പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ എം.എല്‍.എ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. ചമ്മണൂര്‍ താഴം കോള്‍പ്പടവിലേയും പരൂര്‍പടവിലേയും ബണ്ട് നിര്‍മ്മാണം അടിയന്തിരമായി ചെയ്യുന്നതിന് എം.എല്‍.എ കെ.എല്‍.ഡി.സി അസി.എക്സി.എഞ്ചിനീയറോട് ആവശ്യപ്പെട്ടു. ചമ്മണൂര്‍ താഴം, ഉപ്പുങ്ങല്‍ മത്തിക്കായല്‍ തുടങ്ങിയ പാടശേഖരങ്ങളിലെ സബ്മേഴ്സിബിള്‍ പമ്പ് സ്ഥാപിക്കുന്നതില്‍ കാലതാമസം വന്നതില്‍ എം.എല്‍.എ അതൃപ്തി അറിയിച്ചു. എഞ്ചിന്‍ തറകളും ഷെഡും പൂര്‍ത്തീകരിച്ച സ്ഥലങ്ങളില്‍ മെയ്മാസത്തോടെ പമ്പുകള്‍ സ്ഥാപിക്കുമെന്ന് അഗ്രി എഞ്ചിനീയറിംഗ് അസി.എക്സി.എഞ്ചിനീയര്‍ യോഗത്തെ അറിയിച്ചു. പൂര്‍ത്തീകരിക്കാന്‍ ബാക്കിയുള്ള 3 എഞ്ചിന്‍തറകളും ഷെഡുകളും അടിയന്തിരമായി പൂര്‍ത്തീകരിക്കാന്‍ എം.എല്‍.എ കെ.എല്‍.ഡി.സിക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കുകയുണ്ടായി. ഗ്രീന്‍ ഗുരുവായൂര്‍ പദധതിയുടെ ഭാഗമായി സമഗ്രമായ കാര്‍ഷിക വികസന പദ്ധതികള്‍ നടപ്പിലാക്കുന്നതിന് തീരുമാനമായി. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കൃഷിയുടെ അടിസ്ഥാന സൗകര്യവികസനത്തിനുള്ള പദ്ധതി തയ്യാറാക്കുന്നതിന് എം.എല്‍.എ നിര്‍ദ്ദേശം നല്‍കി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ചണ്ടി നീക്കം ചെയ്യുന്നതിനുള്ള പദ്ധതി തയ്യാറാക്കുന്നതിനും എം.എല്‍.എ നിര്‍ദ്ദേശം നൽകി. യോഗത്തില്‍ ചാവക്കാട് നഗരസഭ ചെയര്‍പേഴ്സണ്‍ ഷീജ പ്രശാന്ത്, പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്‍റ് ജാസ്മിന്‍ ഷഹീര്‍, ഒരുമനയൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് വിജിത സന്തോഷ്, കൃഷി ഉപഡയറക്ടര്‍ ഷേര്‍ളി ആര്‍, കൃഷി അസിസ്റ്റന്‍റ് ഡയറക്ടര്‍ സബീന, കൃഷി അസി.എക്സി. എഞ്ചിനീയര്‍ ജയകൃഷ്ണന്‍, കെ.എല്‍.ഡി .സി അസി.എക്സി എഞ്ചിനീയര്‍ ജസ്റ്റിന്‍, കൃഷി ഓഫീസര്‍മാര്‍, കൃഷി ഫീല്‍ഡ് ഓഫീസര്‍മാര്‍, അസി.എഞ്ചിനീയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.