ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിന്റെ ക്ഷേത്രസഹായധനവിതരണം രണ്ടാംഘട്ടം ഗുരുവായൂരിൽ നടന്നു. എറണാകുളം, തൃശ്ശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിലെ 662 ക്ഷേത്രങ്ങൾക്കായി 4.36 കോടി രൂപയാണ് നൽകിയത്. കേരളത്തിലെ വരുമാനം കുറഞ്ഞ ക്ഷേത്രങ്ങൾക്കുള്ള സഹായമാണിത്. ക്ഷേത്രനടയിലെ ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ ഓരോ ജില്ലയ്ക്കും പ്രത്യേകം കൗണ്ടറുകൾ തിരിച്ചു തുക കൈമാറി. വിതരണോദ്ഘാടനം ദേവസ്വം മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ അധ്യക്ഷനായി. എൻ.കെ. അക്ബർ എംഎൽഎ മുഖ്യാതിഥിയായി. കൗൺസിലർ ശോഭാ ഹരിനാരായണൻ, ദേവസ്വം ഭരണസമിതിയംഗങ്ങളായ സി. മനോജ്, മനോജ് ബി. നായർ, അഡ്മിനിസ്‌ട്രേറ്റർ കെ.പി. വിനയൻ എന്നിവർ സംസാരിച്ചു.