ഗുരുവായൂർ: നഗരസഭയിലെ ജീവക്കാർക്കും ഒരു കൗൺസിലർക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പൊതുജനങ്ങൾക്കിടയിൽ ആശങ്ക സൃഷ്ടിക്കുന്ന വാർത്തകൾ ചില കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽ പെട്ടതായി ഗുരുവായൂർ നഗരസഭ ചെയർ പേഴ്സൺ എം രതി.
നഗരസഭയിലെ കൗൺസിലർമാരും, ആരോഗ്യ പ്രവർത്തകരും ജീവനക്കാരും ലോക്ക് ഡൗൺ തുടങ്ങിയ നാൾ മുതൽ കമ്മ്യൂണിറ്റി കിച്ചനും വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവർക്കുള്ള ക്വാറന്റയിൻ സംവീധാനം ഒരുക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു വരികയാണ്. നഗരസഭയിലെ ആരോഗ്യവിഭാഗം ജീവനക്കാരന് ആഗസ്റ്റ് 14നാണ് കോവിഡ് സ്ഥിരീകരിച്ചത്. അതിന് ശേഷം നഗരസഭ താല്കാലികമായി അടക്കുകയും അണുനശീകരണം ഉൾപ്പെടെയുള്ള പ്രതിരോധ പ്രവർത്തനം നടത്തുകയും, പൊതുജനങ്ങളുടെ പ്രവേശനം നിയന്ത്രിക്കുകയും ചെയ്തിട്ടുണ്ട്. തുടർന്ന് പ്രൈമറി കോൺടാക്റ്റുള്ളവർ 14 ദിവസത്തെ കോറന്റെയിനിൽ പ്രവേശിക്കുകയും ചെയ്തു. പിന്നീട് 15 ,17, 19 തിയ്യതികളിലായി നഗരസഭയിലെ കൗൺസിലർമാരും, ജീവനക്കാരും, കണ്ടീജന്റ് സി.എൽ.ആർ വർക്കർമാർ തുടങ്ങി 283ൽ അധികം പേർക്ക് ടെസ്റ്റുകൾ നടത്തുകയും ആയതിൽ 9 പേർക്ക് കോ വിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. പിന്നീട് പ്രാഥമിക സമ്പർക്കത്തിൽ കോറന്റയിനിൽ കഴിഞ്ഞിരുന്നവർക്ക് രോഗ ലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ ടെസ്റ്റ് ചെയ്തതിൽ 7 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിക്കയുണ്ടായി. മേൽ പറഞ്ഞ കോവിഡ് സ്ഥിരീകരിച്ച എല്ലാവരും തന്നെ കോറന്റയിനിൽ കഴിഞ്ഞിരുന്നവരാണ്. കൗൺസിലറെ സംബന്ധിച്ച് 17 ന് ആദ്യടെസ്റ്റ് ചെയ്തത് നെഗറ്റീവ് ആവുകയും അതേ ദിവസം മുതൽ റൂം കോറന്റയിനിൽ കഴിഞ്ഞു വരുന്നതിനാൽ പ്രൈമറി കോൺടാക്ട് ലിസ്റ്റില്ലാത്തതാണ് . നിലവിൽ കോവിഡ് സ്ഥിരീകരിച്ചവരെല്ലാം ജില്ലയിലെ വിവിധ ഫസ്റ്റ് ലൈൻ ട്രീറ്റ് മെന്റ് സെന്ററുകളിലാണുണ്ടായിരുന്നത്. ആർക്കും ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടായിട്ടില്ല. അതിൽ 9പേർ നെഗറ്റീവായി റൂം കോറന്റയിനിൽ പ്രവേശിച്ചിരിക്കയാണ്. നിലവിൽ നഗരസഭയുടെ ചില ഭാഗങ്ങളിൽ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നഗരസഭയും, അരോഗ്യ പ്രവർത്തകരും ,പോലീസും ആവശ്യമായ ജാഗ്രതയോടു കൂടി പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കയാണ്. പൊതുജനങ്ങൾ പ്രതിരോധ പ്രവർത്തനങ്ങളുമായി സഹകരിക്കുകയും സാമൂഹ്യ അകലം പാലിക്കുകയും മാസ്ക്കും സാനിറ്റൈസറും ഉപയോഗിക്കുകയും സർക്കാർ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു .
ജനങ്ങളിൽ ഭീതിയും ആശങ്കയുമുളവാക്കുന്ന പ്രചരണങ്ങളിൽ നിന്ന് ബന്ധപെട്ടവർ പിന്തിരിയണമെന്നും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി നഗരസഭയോടും, അരോഗ്യ പ്രവർത്തകരോടും ,പോലീസിനോടും സഹകരിക്കണമെന്നും ചെയർ പേഴ്സൺ അഭ്യർത്ഥിച്ചു.