ഗുരുവായൂര്‍: ഗുരുവായൂർ ദേവസ്വം നിയമനങ്ങളില്‍ താത്ക്കാലിക ജീവനക്കാര്‍ക്ക് അര്‍ഹമായ പരിഗണന വേണമെന്ന് സി.പി.എം. ദേവസ്വം മന്ത്രി വി.എന്‍. വാസവന് നിവേദനം നല്‍കി. ഗുരുവായൂര്‍ ദേവസ്വത്തിലേക്ക് കെ.ഡി.ആര്‍.ബി അപേക്ഷ ക്ഷണിച്ചിട്ടുള്ള നിയമനങ്ങളില്‍ താത്ക്കാലിക ജീവനക്കാര്‍ക്ക് അര്‍ഹമായ പരിഗണന വേണമെന്നാവശ്യപ്പെട്ടാണ് സി.പി.എം ദേവസ്വം മന്ത്രി വി.എന്‍ വാസവന് നിവേദനം നല്‍കിയത്. ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ വിജയന്‍, അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി. വിനയന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് സി.പി.എം നേതാക്കള്‍ മന്ത്രിയെ കണ്ട് ചര്‍ച്ച നടത്തി നിവേദനം നല്‍കിയത്. ഏരിയ സെക്രട്ടറി ടി.ടി ശിവദാസന്‍, എന്‍.കെ അക്ബര്‍ എം.എല്‍.എ, ലോക്കല്‍ സെക്രട്ടറി കെ.ആര്‍ സൂരജ്, ദേവസ്വം ഭരണ സമിതിയിലെ ജീവനക്കാരുടെ പ്രതിനിധി സി മനോജ്, മമ്മിയൂര്‍ ദേവസ്വം ചെയര്‍മാന്‍ ജി.കെ പ്രകാശന്‍, ദേവസ്വം മുന്‍ ഭരണ സമിതി അംഗം എ.വി പ്രശാന്ത് എന്നിവർ നിവേദന സംഘത്തിൽ ഉണ്ടായിരുന്നു. 20 വര്‍ഷത്തിലധികം പ്രവൃത്തിപരിചയമുള്ളവരടക്കം താത്ക്കാലിക ജീവനക്കാരിലുണ്ടെന്ന് നേതാക്കള്‍ മന്ത്രിയെ അറിയിച്ചു. ദീര്‍ഘകാലമായി താത്ക്കാലിക ജീവനക്കാരായി തുടരുന്നവരുടെ പ്രവൃത്തി പരിചയം നിയമനത്തില്‍ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു. മറ്റൊരു ജോലിക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി കടന്നവരും താത്ക്കാലികക്കാരിലുണ്ടെന്നതും ബോധ്യപ്പെടുത്തി.