Thursday, April 17, 2025

കുഴഞ്ഞു വീണ ഭക്തന് പ്രഥമ ശുശ്രൂഷ നൽകി ജീവൻ രക്ഷിച്ചു; ഗുരുവായൂർ ദേവസ്വം സുരക്ഷാ ജീവനക്കാരന് അനുമോദനം

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം പടിഞ്ഞാറേ നടപ്പന്തലിൽ കുഴഞ്ഞു വീണ ഭക്തൻ്റെ ജീവൻ രക്ഷിച്ച ദേവസ്വം സുരക്ഷാ ജീവനക്കാരന് അനുമോദനം. ദേവസ്വം സെക്യുരിറ്റി ഗാർഡായ വിമുക്ത ഭടൻ എം.ജി അജികുമാറിനെയാണ് ദേവസ്വം ഭരണസമിതി ആദരിച്ചത്. ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ അജികുമാറിനെ പൊന്നാടയണിയിച്ചു. ഉപഹാരമായി നിലവിളക്കും സമ്മാനിച്ചു. ദേവസ്വം ഭരണസമിതി യോഗത്തിലേക്ക് ക്ഷണിച്ചു വരുത്തിയായിരുന്നു ആദരം. ദേവസ്വം ഭരണസമിതി അംഗങ്ങളായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ബ്രഹ്മശ്രീ പി.സി ദിനേശൻ നമ്പൂതിരിപ്പാട്, സി മനോജ്, കെ.പി വിശ്വനാഥൻ, മനോജ് ബി നായർ, അഡ്മിനിസ്ട്രേറ്റർ കെ.പി വിനയൻ എന്നിവർ  ആദരിക്കൽ ചടങ്ങിൽ സന്നിഹിതരായി. കഴിഞ്ഞ മാർച്ച് 31ന് ഉച്ചയോടെ ഡ്യൂട്ടിക്ക് പോകുന്നതിനിടയിലാണ് പടിഞ്ഞാറെ നടയിൽ ഭക്തൻ കുഴഞ്ഞുവീണത് അജികുമാർ  കാണുന്നത്. ഉടൻ അജികുമാർ ഓടിയെത്തി ഭക്തനെ താങ്ങിയെടുത്തു. ആംബുലൻസ് വിളിച്ചു. പൾസ് കുറവാണെന്ന് കണ്ടതിനാൽ ഉടൻ സി.പി.ആർ (ഹൃദയാരോഗ്യ പുനരുജ്ജീവനം) നൽകി. വൈകാതെ ആംബുലൻസിൽ കയറ്റി വിദഗ്ധ വൈദ്യ പരിചരണത്തിനായി ഭക്തനെ ആശുപത്രിയിലേക്ക് മാറ്റി. അജികുമാറിൻ്റെ സമയോചിതമായ ഇടപെടൽ വഴി ഭക്തന് ജീവൻ തിരിച്ചുകിട്ടി. അജികുമാറിൻ്റെ പ്രവർത്തനം മാതൃകാപരമാണെന്ന് ചെയർമാൻ ഡോ.വി.കെ വിജയൻ പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments