ഗുരുവായൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൃഷ്ണ ചിത്രം നൽകിയത് മുതൽ തൻ്റെ കഷ്ടകാലം തുടങ്ങിയെന്ന് ജസ്‌ന സലിം. സ്വകാര്യ മലയാളം ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ജസ്ന സലീം. പ്രധാനമന്ത്രിക്ക് കൃഷ്ണ ചിത്രം സമ്മാനിച്ച ശേഷം ബി.ജെ.പിക്കാരും ആർ.എസ്.എസുകാരും തന്നെ ജീവിക്കാൻ സമ്മതിച്ചിട്ടില്ല. തനിക്കെതിരെ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് നിരവധി വീഡിയോകളും പോസ്റ്റുകളും ഇക്കൂട്ടർ പ്രചരിപ്പിച്ചു. എന്നാൽ നിരവധി ബി.ജെ.പി, ആർ.എസ്.എസ് നേതാക്കളുമായി തനിക്ക് സൗഹൃദമുണ്ട്. സുരേഷ് ഗോപി, എം.ടി രമേശ്, കുമ്മനം രാജശേഖരൻ തുടങ്ങി നിരവധി നേതാക്കളുമായി തനിക്ക് നല്ല ബന്ധമാണ്. ആർ.എസ്.എസ്, ബി.ജെ.പി നേതാക്കളല്ല തന്നെ ഉപദ്രവിക്കുന്നത്. അണികൾ എന്ന് പറയുന്ന ചിലരാണ്. താൻ പ്രധാനമന്ത്രിക്ക് ചിത്രം സമർപ്പിച്ചത് ഇവർക്കാർക്കും ഇഷ്ടമായിട്ടില്ല. ആർക്കും കിട്ടാത്ത സൗഭാഗ്യം തനിക്ക് കിട്ടി. അതുകൊണ്ട് ചിലർക്ക് തന്നോട് കുശുമ്പാണെന്നും ജസ്ന സലീം പറഞ്ഞു. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ വീഡിയോ ചിത്രീകരിച്ചതിന് ജസ്ന സലീമിനെതിരേ ഗുരുവായൂർ ടെമ്പിൾ പോലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ഗുരുവായൂർ ദേവസ്വത്തിൻ്റെ പരാതിയിൽ കലാപശ്രമം ഉൾപ്പെടെ ചുമത്തിയാണ് പോലീസ് കേസെടുത്തത്. കിഴക്കേനടയിൽ കൃഷ്ണവിഗ്രഹത്തിൽ മാല ചാർത്തി ദൃശ്യങ്ങളെടുത്ത് പ്രചരിപ്പിച്ചെന്നാണ് പോലീസിന്റെ പ്രാഥമികാന്വേഷണ റിപ്പോർട്ടിലുള്ളത്.