ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്സവബലി ഭക്തിസാന്ദ്രം. ദേവതകൾക്കും സർവഭൂതഗണങ്ങൾക്കും വിസ്തരിച്ച പൂജാവിധികളോടെയും സമൃദ്ധിയായി നിവേദ്യം സമർപ്പിച്ചുമായിരുന്നു ചടങ്ങ്. തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തിൽ തന്ത്രി ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാട് ബലിതൂവി. രാവിലെ പന്തീരടിയ്ക്കുശേഷമായിരുന്നു ഉത്സവബലി ചടങ്ങുകൾ ആരംഭിച്ചത്. ശാന്തിയേറ്റ കീഴ്ശാന്തി മേച്ചേരി ശ്രീകാന്ത് നമ്പൂതിരി ഗുരുവായൂരപ്പന്റെ തിടമ്പ് എഴുന്നള്ളിച്ചു. മമ്മിയൂർ വിഷ്ണുപ്രസാദ് മാരാർ ‘മരം’ എന്ന വാദ്യോപകരണം വായിച്ച് പാണിവാദ്യം നയിച്ചു. ഗുരുവായൂർ കൃഷ്ണകുമാർ(ശംഖ്), ഗുരുവായൂർ ശശി മാരാർ(തിമില), ഗോപൻമാരാർ(വലന്തല), ഗുരുവായൂർ കൃഷ്ണപ്രസാദ്(ചേങ്ങില) എന്നിവരും വാദ്യമൊരുക്കി. ഉത്സവബലിച്ചടങ്ങുകൾ കാരണം നാലമ്പലത്തിൽ ദർശനനിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഉത്സബലി കാരണം രാവിലത്തെ കാഴ്ചശ്ശീവേലി നേരത്തേ അവസാനിപ്പിച്ചു. ശാന്തിയേറ്റ കീഴ്ശാന്തി മുളമംഗലം ഹരി നമ്പൂതിരി ഗുരുവായൂരപ്പന്റെ തിടമ്പ് വഹിച്ചു. ആനയോട്ടജേതാവ് കൊമ്പൻ ബാലുവായിരുന്നു കോലമേറ്റിയത്. പെരുവനം കുട്ടൻമാരാർ മേളം നയിച്ചു. ഇന്ന് പള്ളിവേട്ടയും ബുധനാഴ്ച ആറാട്ടുമാണ്. രണ്ടു ദിവസവും വൈകീട്ട് കൊടിമരച്ചുവട്ടിലെ ദീപാരാധന കഴിഞ്ഞ് ഗുരുവായൂരപ്പൻ ക്ഷേത്രം വിട്ട് പുറത്തേക്കിറങ്ങും.