ഗുരുവായൂർ: ഉത്സവച്ചടങ്ങുകളിൽ അതിപ്രധാനമായ ഉത്സവബലി ഇന്ന് നടക്കും. രാവിലെ ഒൻപതിന് തുടങ്ങി ഉച്ചതിരിഞ്ഞ് മൂന്നുവരെയെങ്കിലും ചടങ്ങുകൾ നീളും. കൊടിമരത്തിനടുത്ത വലിയ ബലിക്കല്ലിൽ തന്ത്രി ബലി തൂവും. ചടങ്ങുകളുടെ ഭാഗമായി ക്ഷേത്രം നാലമ്പലത്തിലേക്ക് ദർശന നിയന്ത്രണമുണ്ടാകും. ദർശന പ്രാധാന്യമുള്ള ചടങ്ങുകളായതിനാൽ ഉത്സവബലി തൊഴാൻ വലിയ തിരക്ക് പതിവാണ്. രാവിലെ വിശേഷാൽ കൊമ്പുപറ്റിന്റെ മധുരാകമ്പടിയുമുണ്ടാകും. ഏഴാംവിളക്ക് ദിനത്തിൽ ഉച്ചതിരിഞ്ഞുള്ള കാഴ്ചശ്ശീവേലിക്ക് കൊമ്പൻ വിഷ്ണുവിന്റെ പുറത്താണ് സ്വർണക്കോലമേറ്റിയത്. ശാന്തിയേറ്റ കീഴ്ശാന്തി മേച്ചേരി ശ്രീകാന്ത് നമ്പൂതിരി ഗുരുവായൂരപ്പന്റെ തങ്കത്തിടമ്പു വഹിച്ചു. കൊമ്പന്മാരായ രവികൃഷ്ണനും ചെന്താമരാക്ഷനും പറ്റാനകളായി. പെരുവനം സതീശൻ മാരാരാണ് മേളം നയിച്ചത്. രാത്രി മട്ടന്നൂർ ശങ്കരൻകുട്ടി, മക്കളായ മട്ടന്നൂർ ശ്രീകാന്ത്, മട്ടന്നൂർ ശ്രീരാജ് എന്നിവരുടെ തൃത്തായമ്പക സദസ്സിന് ഹരമായി. പോരൂർ ശങ്കരനാരായണൻ മാരാർ, ചെർപ്പുളശ്ശേരി രാജേഷ് എന്നിവരുടെ ഡബിൾ തായമ്പകയും കലാമണ്ഡലം വിവേക് ചന്ദ്രൻ, മമ്മിയൂർ വിഷ്ണുപ്രസാദ്, കലാമണ്ഡലം കോട്ടപ്പുറം വിഘ്നേഷ് അയ്യർ എന്നിവരുടെ ട്രിപ്പിൾ തായമ്പകയും ആസ്വാദ്യമായി. ചൊവ്വാഴ്ചയാണ് പള്ളിവേട്ട. വൈകീട്ട് ദീപാരാധനയ്ക്കുശേഷം ഗുരുവായൂരപ്പൻ ഗ്രാമപ്രദക്ഷിണത്തിനിറങ്ങും. പള്ളിവേട്ടയ്ക്കും ബുധനാഴ്ചത്തെ ആറാട്ടിനും സന്ധ്യാനേരത്തെ ദീപാരാധന കൊടിമരച്ചുവട്ടിലായിരിക്കും.