ഗുരുവായൂർ: അതിവിശിഷ്ടമായ സ്വർണക്കോലത്തിൽ ഗുരുവായൂരപ്പൻ എഴുന്നള്ളി. ആറാംവിളക്കുദിനത്തിൽ ഉച്ചതിരിഞ്ഞുള്ള കാഴ്ചശ്ശീവേലിക്കാണ് ഗുരുവായൂരപ്പൻ സ്വർണക്കോലതേജസ്സിൽ എഴുന്നള്ളിയത്. ശാന്തിയേറ്റ കീഴ്ശാന്തി മുളമംഗലം ഹരി സ്വർണക്കോലത്തിൽ ഭഗവാന്റെ പൊൻതിടമ്പ് വഹിച്ചു. ഗുരുവായൂർ നന്ദനാണ് കോലമേറ്റിയത്. ഇനി ഉത്സവം കഴിയുംവരെ ഉച്ചതിരിഞ്ഞുള്ള ശീവേലിക്കും പള്ളിവേട്ട, ആറാട്ട്, ഗ്രാമപ്രദക്ഷിണം എന്നിവയ്ക്കും സ്വർണക്കോലമായിരിക്കും. ആറാം വിളക്കുദിനത്തിൽ രാവിലെ ശിവേലിമേളത്തിൽ ‘വക കൊട്ടൽ’ പ്രധാനമായിരുന്നു. പെരുവനം കുട്ടൻമാരാർ, തിരുവല്ല രാധാകൃഷ്ണൻ,കോട്ടപ്പടി സന്തോഷ് മാരാർ, കക്കാട് രാജപ്പൻ തുടങ്ങിയ പ്രാമാണികരായിരുന്നു വകകൊട്ടൽ നയിച്ചത്. പഞ്ചാരിമേളം വടക്കേനടയിലെത്തിയപ്പോഴായിരുന്നു വകകൊട്ടിയത്. പ്രാമാണികൻ കൊട്ടിയ താളവട്ടങ്ങൾ മറ്റ് ചെണ്ടക്കാരിലേക്ക് പകർന്ന് ഏറ്റിച്ചുരുക്കുന്ന മേളപ്രയോഗമാണിത്. ഇത് കേട്ടാസ്വദിക്കാൻ മേളപ്രേമികൾ ഏറെയുണ്ടായി. മേളത്തിനിടയിൽ കലാകാരൻമാർക്ക് ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ പുടവ നൽകി. നാളെയാണ് ദർശന പ്രാധാന്യമുള്ള എട്ടാംവിളക്ക്. വലിയ ബലിപീഠത്തിൽ തന്ത്രി ബലിതൂവുന്ന ചടങ്ങിന് സാക്ഷിയാകാൻ ആയിരങ്ങൾ ക്ഷേത്രത്തിലെത്തും.