ഗുരുവായൂർ: ശ്രീഗുരുവായൂരപ്പ സന്നിധിയെ ഭക്തി സാന്ദ്രമാക്കി കണ്ണ്യാർകളി അവതരണം. വാമൊഴിയിലൂടെ കൈമാറി വന്ന ഈ അനുഷ്ഠാന അവതരണ കലാരൂപം ആസ്വദിക്കാൻ നിരവധി പേരാണ് എത്തിയത്. ഗുരുവായൂർ ഉത്സവത്തിൻ്റെ നാലാം ദിവസം വൈകുണ്ഠം വേദിയെ ശ്രദ്ധേയമാക്കിയത് പാലക്കാടിൻ്റെ തനത് കലാരൂപമായ കണ്യാർകളി അവതരണമായിരുന്നു. കൊടുവായൂർ കരുവന്നൂർ ദേശത്തെ കണ്യാർകളി സംഘമായിരുന്നു അവതരണം. കുംഭം, മീനം, മേടം മാസങ്ങളിൽ വിവിധ ദേശങ്ങളിലെ തട്ടകത്തിൽ വാഴുന്ന ദേവി-ദേവൻമാരുടെ പ്രീതിക്കായി പുരുഷൻമാർ പ്രായഭേദമ്യന്യാ സമർപ്പിക്കുന്ന കലാരൂപമാണിത്. കിഴക്കേ നടയിൽ ദീപസ്തംഭത്തിന് മുന്നിലെത്തി ശ്രീ ഗുരുവായൂരപ്പനെ വണങ്ങിയ ശേഷമാണ് കളി ആരംഭിച്ചത്. വിവിധ കളികൾ കോർത്തിണക്കി കുട്ടേ മാരിയമ്മ, കുറത്തി – കുറവൻ, വേട്ടുവർ, മലയർ തുടങ്ങിയ കളികൾ സംഗ്രഹിച്ചായിരുന്നു അവതരണം.