ഗുരുവായൂർ: ഗുരുവായൂർ ഉത്സവത്തിൻ്റെ രണ്ടാം ദിനത്തിൽ ശ്രീഭൂതബലിക്ക് ശ്രീഗുരുവായൂരപ്പൻ പഴുക്കാമണ്ഡപത്തിൽ എഴുന്നള്ളി. ഭക്തസഹസ്രങ്ങളാണ് ദർശന സായൂജ്യം നേടിയത്. ശ്രീഭൂതബലിക്ക് ശാന്തിയേറ്റ കീഴ്ശാന്തിമാരായ മേച്ചേരി ശ്രീകാന്ത് നമ്പൂതിരി രാവിലെയും മുളമംഗലം ഹരി നമ്പൂതിരി രാത്രിയും ഗുരുവായൂരപ്പന്റെ തിടമ്പുവഹിച്ചു. കൊമ്പൻ ബാലുവിന്റെ പുറത്തായിരുന്നു ഗുരുവായൂരപ്പൻ എഴുന്നള്ളിയത്. ഓതിക്കൻ പഴയം സതീശൻ നമ്പൂതിരി ബലി തൂവി മുന്നിൽ നീങ്ങി. ശ്രീഭൂതബലിക്ക് ആനയുടെ ഓട്ടപ്രദക്ഷിണവും വിശേഷതയാണ്.
രാത്രിയിലെ ശ്രീഭൂതബലിക്കുശേഷം സ്വർണ പഴുക്കാമണ്ഡപത്തിലേക്ക് ഗുരുവായൂരപ്പനെ എഴുന്നള്ളിച്ചു. തുടർന്ന് താമരയൂർ അനീഷ് നമ്പീശൻ, സുദേവ് കെ.നമ്പൂതിരി, പ്രണവ് കാക്കശ്ശേരി എന്നിവരുടെ ട്രിപ്പിൾത്തായമ്പക. നീലേശ്വരം സന്തോഷ് മാരാർ, നീലേശ്വരം നന്ദകുമാർ മാരാർ എന്നിവരുടെ ഡബിൾ തായമ്പക അരങ്ങേറി. കലാമണ്ഡലം ബലരാമനും സദനം രാമകൃഷ്ണനും ബുധനാഴ്ച ഡബിൾ തായമ്പക അവതരിപ്പിച്ചു. തുടർന്ന് കൊമ്പ്-കുഴൽപ്പറ്റുകളും വിളക്കെഴുന്നള്ളിപ്പും കഴിയുമ്പോൾ അർധരാത്രിയോളമെത്തി. ശനിയാഴ്ച ആറാംവിളക്കിന് ഗുരുവായൂരപ്പൻ സ്വർണക്കോലത്തിലാണ് എഴുന്നള്ളുക.