വടക്കേക്കാട്: കപ്ലിയങ്ങാട് കുംഭ ഭരണിയോടാനുബന്ധിച്ചു ഹെൽത്ത് എൻഫോസ്‌മെന്റ് സ്‌ക്വാഡ് പരിശോധന നടത്തി. വടക്കേക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് കുംഭഭരണി ആഘോഷം നടക്കുന്ന പരിസരപ്രദേശങ്ങളിൽ എൻഫോസ്‌മെന്റ് സ്‌ക്വാഡ് മിന്നൽ പരിശോധന നടത്തിയത്. ഹലുവ, പൊരിക്കടി വിൽക്കുന്ന കടകൾ, ചായക്കടകൾ, ശീതള പാനീയങ്ങൾ വിൽക്കുന്ന കടകൾ എന്നിവിടങ്ങളിൽ എൻഫോഴ്സ്മെന്റ് സ്ക്വാഡ് കൺവീനർ ഹെൽത്ത് ഇൻസ്പെക്ടർ പി.ജി അശോകന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. മഞ്ഞപിത്തം പോലുള്ള അസുഖങ്ങൾ പിടിപെടാതിരിക്കുന്നതിനും ഭക്ഷ്യ വിഷബാധ ഉണ്ടാവാതിരിക്കാനുമാണ് പരിശോധന ശക്തമാക്കിയത്. ഉത്സവത്തോടനുബന്ധിച്ച് താൽക്കാലികമായുണ്ടാക്കിയ എല്ലാ കടകളും പരിശോധന നടത്തി. ഉപയോഗയോഗ്യമല്ലാത്ത ഐസ്, പഴകിയ ഭക്ഷ്യ വസ്തുക്കൾ എന്നിവ പിടിച്ചെടുത്തു നശിപ്പിച്ചു. ഭക്ഷണപദാർത്ഥങ്ങളിൽ അടച്ചു സൂക്ഷിക്കുന്നതിനും സുരക്ഷിതമായ കുടിവെള്ളം ഉപയോഗിക്കുന്നതിനും നിർദ്ദേശം നൽകി. ഉത്സവത്തോടനുബന്ധിച്ച് വാർഡ് ഹെൽത്ത് സാനിറ്റേഷൻ സമിതിയുടെ നേതൃത്വത്തിൽ പരിസര പ്രദേശങ്ങളിലെ കിണറുകളിൽ ക്ലോറിനേഷൻ നടത്തിയിരുന്നു. ദേവസ്വം വിളിച്ചു ചേർത്ത ഉത്സവാഘോഷ കമ്മിറ്റികളുടെ യോഗത്തിലും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പങ്കെടുത്ത് നിർദ്ദേശങ്ങൾ നൽകിയിരുന്നു. സ്ക്വാഡ് പ്രവർത്തനങ്ങളിൽ വി.ഇ.ഒ രഘു, സീനിയർ ക്ലർക്ക് എ അനിത, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അൻവർ ഷരീഫ്, കെ സുജിത്ത്, ഹമീമ, എൻ.ജി അജിത എന്നിവർ പങ്കെടുത്തു.