ചാവക്കാട്: ജനങ്ങളുടെ വെറുപ്പ് ഏറ്റുവാങ്ങി സ്വന്തം പാർട്ടിയെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയിട്ട കെ മുരളീധരൻ ചാവക്കാട്ടെത്തി പിണറായി വിജയനെ ആക്ഷേപിക്കുന്നത് അപഹാസ്യമെന്ന് സി.പി.എം ചാവക്കാട് ഏരിയാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ഒരിക്കലും നടപ്പിലാക്കാൻ താൻ ഉൾപ്പെടെയുള്ള യു.ഡി.എഫ് സമ്മതിക്കില്ലെന്ന് മുരളിധരൻ പ്രഖ്യാപിച്ച ദേശീയ പാത 68 യാഥാർത്ഥ്യമാക്കിയ മുഖ്യമന്ത്രിയെയാണ് ജനവിരുദ്ധനെന്ന് ഇദ്ദേഹം ആക്ഷേപിക്കുന്നത്. ജനങ്ങളെ കബളിപ്പിക്കാൻ എല്ലായ്പോഴും കഴിയുമെന്ന് കോൺഗ്രസുകാർ കരുതരുത്. എല്ലാ സന്ദർഭങ്ങളിലും അഴിമതിയും വിഭാഗീയതയും കെടുകാര്യസ്ഥതയും മാത്രം ജനങ്ങൾക്ക് അനുഭവിക്കേണ്ടി വന്നത് കേരളത്തിൽ കോൺഗ്രസ് ഭരണത്തിലാണ്. ബി.ജെ.പിയുമായി നേരിട്ടുള്ള മത്സരത്തിൽ സ്വന്തം ശക്തികേന്ദ്രങ്ങൾ നഷ്ടപ്പെടുത്തിയ ചരിത്രമാണ് ഇന്ത്യയിലെ കോൺഗ്രസിനുള്ളത്. ബിജെപിക്ക് വേണ്ടി തൃശൂർ പാർലമെന്റ് മണ്ഡലത്തിൽ 86,000 ൽ പരം വോട്ട് മറിച്ചു കൊടുത്ത നെറികെട്ട രാഷ്ട്രീയ പാർട്ടിക്ക് വേണ്ടി ഇവിടെ വന്ന് സംസാരിക്കാൻ കനത്ത തൊലിക്കട്ടി തന്നെ തനിക്കുണ്ടെന്ന് മുരളീധരൻ തെളിയിച്ചിരിക്കുന്നു. പരിഹാസ്യമായ അദ്ദേഹത്തിന്റെ നിലപാട് ചാവക്കാട്ടെ ജനങ്ങൾ തള്ളിക്കളയുമെന്ന്ഏരിയാ സെക്രട്ടറി ടി.ടി ശിവദാസ് പറഞ്ഞു.

