ഗുരുവായൂർ: ഗുരുവായൂർ റെയിൽവെ മേൽപ്പാലത്തിൽ തെരുവ് വിളക്കുകൾ നിരന്തരമായി പ്രകാശിക്കുന്നില്ലെന്ന് ഗുരുവായൂർ ഗാന്ധി ദർശൻ വേദി. ഇതുമൂലം കാൽനട യാത്രികർക്കും ഇരുചക്ര വാഹന യാത്രികർക്കും രാത്രി സമയങ്ങളിലെ യാത്ര ദുഷ്കരമാവുകയാണന്ന് ഗാന്ധി ദർശൻ വേദി ഗുരുവായൂർ യൂണിറ്റ് യോഗം അഭിപ്രായപ്പെട്ടു. റെയിൽവേ മേൽപ്പാലത്തിൽ തെരുവ് വിളക്കുകൾ സ്ഥിരമായി പ്രകാശിക്കുന്നതിന് വേണ്ട നടപടികൾ അധികൃതർ കൈകൊള്ളണമെന്നും ഗുരുവായൂർ റെയിൽവേ മേൽപ്പാലത്തിന് കിഴക്ക് പ്രവേശന പാത തൊട്ട് തിരുവെങ്കിടം ഹൗസിംങ്ങ് ബോർഡ് കോളനിയിലേക്കുള്ള റോഡ് വരെ തകർന്നു കിടക്കുന്ന ഭാഗം എത്രയും വേഗം സഞ്ചാരയോഗ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഗാന്ധി ദർശൻ വേദി പ്രസിഡൻ്റ് ബാലൻ വാറണാട്ട് അധ്യക്ഷത വഹിച്ചു. എം.ബി സുധീർ, ടി.ഡി സത്യദേവൻ, എം ഗോപിനാഥ്, എം.ടി ജോസ്, വി ഹരി നായർ, കെ ഹരിപ്രസാദ്, എം സുരേന്ദ്രൻ, സി ചന്ദ്രൻ, ഇ ജയപ്രകാശ് എന്നിവർ സംസാരിച്ചു.