Monday, February 24, 2025

150 കോടിയുടെ നിക്ഷേപത്തട്ടിപ്പ്: കള്ളപ്പണ ഇടപാട് നടന്നെന്ന് സൂചന,  പ്രതികൾക്കായി ലുക്കൗട്ട് സർക്കുലർ ഇറക്കി

തൃശൂർ: വ്യാപാരഷെയറുകളുടെ മറവിൽ ബില്യൺ ബീസ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി നടത്തിയ നിക്ഷേപത്തട്ടിപ്പിൽ കള്ളപ്പണ ഇടപാടുകളും നടന്നതായി സൂചന നൽകുന്ന ശബ്ദരേഖ പുറത്ത്. കമ്പനി ഡയറക്ടർമാരിൽ ഒരാളുടെ ഫോൺസംഭാഷണത്തിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്. ഇതര സംസ്ഥാനങ്ങളിൽനിന്ന്‌ എത്തുന്ന കള്ളപ്പണത്തിന്റെ സൂചനകളാണ് ശബ്ദരേഖയിലുള്ളത്.
ഇങ്ങനെ വരുന്ന കള്ളപ്പണം വെളുപ്പിക്കാൻ നാല് ഏജൻസികളുണ്ടായിരുന്നതായും അവർ അത് ബിബിന്റെ അക്കൗണ്ടിലേക്ക്‌ കൈമാറുമെന്നും അവിടെനിന്നാണ് നിക്ഷേപകർക്ക് പണം കൈമാറ്റം ചെയ്തിരുന്നതെന്നും പണം നഷ്ടപ്പെട്ടവർ ആരോപിക്കുന്നു.

ഇരിങ്ങാലക്കുടയിലെ സ്വകാര്യ ബാങ്കിൽ അസിസ്റ്റന്റ് മാനേജരായിരിക്കെയാണ് ഊഹക്കച്ചവടത്തിൽ ഇറങ്ങുന്നത്. ബാങ്കിലെത്തിയിരുന്ന പരിചയക്കാരായ നിക്ഷേപകരിൽനിന്ന്‌ പണം സ്വീകരിച്ചായിരുന്നു തുടക്കം.
ഈ സമയത്തുതന്നെ ബിബിൻ പ്രവാസികളുമായി അടുത്ത ബന്ധം സ്ഥാപിച്ച് ഷെയർ ട്രേഡിങ്ങിലേക്ക്‌ ആകർഷിച്ച് ഊഹക്കച്ചവടത്തിലൂടെ വൻ ലാഭം നേടിക്കൊടുത്തു. വിശ്വാസം വർധിച്ചപ്പോൾ ബിബിന്റെ ഉപഭോക്താക്കളുടെ എണ്ണവും വർധിച്ചു. തുടർന്നാണ് ഇയാൾ ജോലി ഉപേക്ഷിച്ച് ബില്യൺ ബീസ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് തുടക്കം കുറിച്ചത്. ഉയർന്ന ശമ്പളത്തിൽ ജീവനക്കാരെവെച്ച് കിട്ടുന്ന ലാഭവിഹിതത്തിന്റെ പകുതി അവർക്ക് വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വരൂപിച്ച് ബിസിനസ് വിപുലമാക്കി.
ദുബായിൽ പ്രധാന സ്ഥലത്ത് വലിയ തുകയ്ക്ക് കെട്ടിടം വാടകയ്ക്കെടുത്താണ് കമ്പനിയുടെ ശാഖ ആരംഭിച്ചത്. വിദേശ മലയാളികളിൽനിന്നും മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ള പ്രവാസികളിൽനിന്നും പണം നിക്ഷേപമായി സ്വീകരിച്ചു.
ആഡംബരജീവിതം നയിച്ചിരുന്ന ബിബിനും കുടുംബവും ഷെയർട്രേഡിങ്ങിന്റെ മറവിൽ നടത്തിയിരുന്നത് ഊഹക്കച്ചവടമായിരുന്നുവെന്നാണ് സാമ്പത്തികവിദഗ്ധർ നൽകുന്ന സൂചന.

അതേസമയം, നിക്ഷേപത്തട്ടിപ്പ് നടത്തിയ പ്രതികൾക്കായി ലുക്കൗട്ട് സർക്കുലർ ഇറക്കി. വൻതുകയുടെ തട്ടിപ്പായതുകൊണ്ട് കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറുമെന്നും അറിയുന്നു. സ്റ്റേറ്റ് ക്രൈംബ്രാഞ്ചിന്റെ കീഴിലുള്ള എക്കോണമിക് ഒഫൻസ് വിങ്‌ കേസേറ്റെടുക്കണമെന്നാണ് ആവശ്യം.

തൃശ്ശൂർ ജില്ലയിലെ പ്രധാന കേസുകൾ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. നിലവിൽ 1.96 കോടി രൂപയുടെ ഒരു പരാതിയിൽ ജില്ലാ ക്രൈംബ്രാഞ്ച് കേസെടുത്തിട്ടുണ്ട്.

കമ്പനി ഉടമകളായ നടവരമ്പ് കിഴക്കേവളപ്പിൽ വീട്ടിൽ ബിബിൻ, ഭാര്യ ജെയ്ജ, സഹോദരൻ സുബിൻ എന്നിവർക്കെതിരേയാണ് ഇരിങ്ങാലക്കുട പോലീസ് അഞ്ചു കേസുകൾ രജിസ്റ്റർ ചെയ്തത്. ബിബിനും ഭാര്യ ജെയ്‌ജയും വിദേശത്തേക്ക് കടന്നതായാണ് സൂചന. സുബിൻ ഒളിവിലാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments