Thursday, February 20, 2025

പേരകത്ത് വീട്ടുമുറ്റത്ത് നിർത്തിയിട്ട ബുള്ളറ്റ് മോഷ്ടിച്ചു; രണ്ടു പേർ പിടിയിൽ

ഗുരുവായൂർ: പേരകത്ത് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബുള്ളറ്റ് മോഷ്ടിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. മല്ലാട് സ്വദേശിയും നിരവധി മോഷണ കേസുകളിൽ പ്രതിയുമായ പുതുവീട്ടിൽ മനാഫ് (45), കൊടുങ്ങല്ലൂർ കോട്ടപ്പുറം മുസിരിസ് പാർക്കിനടുത്ത് താമസിക്കുന്ന ഇടപ്പള്ളി വീട്ടിൽ മാഹിൽ (22) എന്നിവരെയാണ് ഗുരുവായൂർ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ  സി പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ ശരത് സോമനും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. പേരകം സ്വദേശിയായ തൈക്കാട്ടിൽ നിഖിലിന്റെ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന ബുള്ളറ്റാണ് ഇരുവരും ചേർന്ന് മോഷ്ടിച്ചത്. കഴിഞ്ഞ നാലിന് പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. നിഖിലിന്റെ വീട്ടു മുറ്റത്തു മൂന്നാം തിയ്യതി രാത്രി പാർക്ക് ചെയ്ത ബുള്ളറ്റ് നേരം പുലർന്നപ്പോൾ കാണാതാവുകയായിരുന്നു. തുടർന്ന് വീട്ടുകാർ ഗുരുവായൂർ പോലീസിൽ പരാതി നൽകി. ഇതോടെ ഗുരുവായൂർ അസിസ്റ്റന്റ് പോലീസ് കമ്മിഷണർ ടി.എസ് സിനോജിന്റെ നിർദേശത്തെ തുടർന്ന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് മനാഫിനെ വടക്കേകാട് നിന്നും മാഹിലിനെ കൊടുങ്ങല്ലൂരിൽ നിന്നും കസ്റ്റഡിയിലെടുത്തത്. ഗുരുവായൂർ സ്റ്റേഷനിലെ മറ്റൊരു ബുള്ളറ്റ് മോഷണ കേസിൽ ഉൾപ്പെട്ടു ജയിലിൽ കഴിഞ്ഞിരുന്ന മാഹിലും വടക്കേകാട്, ചാവക്കാട് സ്റ്റേഷനിലെ ക്ഷേത്ര മോഷണ കേസുകളിലും മറ്റും  ഉൾപ്പെട്ടു ജയിലിൽ കഴിഞ്ഞിരുന്ന മനാഫും ജയിലിലെ പരിചയം വെച്ചാണ് ഒന്നിച്ചു മോഷണത്തിന് ഇറങ്ങിയത്. സബ് ഇൻസ്‌പെക്ടർമാരായ ടി.എ സന്തോഷ്, കെ.എം നന്ദൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെ.പി ഉദയകുമാർ, കൃഷ്ണപ്രസാദ്‌, വി.പി സുമേഷ്, സിവിൽ പോലീസ് ഓഫീസർമാരായ എ.എം അമൽദേവ്, ജെ ജിഫിൻ, അനസ് എന്നിവരും പ്രതികളെ പിടികൂടിയ പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. 

RELATED ARTICLES
- Advertisment -

Most Popular

Recent Comments