ചാവക്കാട്: തീരദേശ മേഖലയിലെ അയൽക്കൂട്ടങ്ങളുടെ സമഗ്ര വികസനത്തിനായി കുടുംബശ്രീ ജില്ലാ മിഷൻ നടപ്പിലാക്കുന്ന തീരദേശ സംഗമം ഫെബ്രുവരി 22 മുതൽ 26 വരെ ചാവക്കാട് ബീച്ചിൽ സംഘടിപ്പിക്കുമെന്ന് എൻ.കെ അക്ബർ എം.എൽ.എ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ‘ബ്രീസ് ആൻ്റ് ബീറ്റ്സ്’ എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ മേഖലയിലെ കുടുംബശ്രീ ത്രിതല സംഘടന സംവിധാനത്തിന്റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും സംരംഭകരുടെ ഉൽപ്പന്നങ്ങളുടെ പ്രദർശന വിപണനത്തിനാവശ്യമയ സൗകര്യങ്ങൾ ഒരുക്കുകയും തീരദേശ മേഖലയിലെ സ്ത്രീകളുടെ സമഗ്ര വികസനത്തിനായി നൂതന മേഖലകളെക്കുറിച്ചും മറ്റു തൊഴിൽ സാധ്യതകളെക്കുറിച്ചും സെമിനാറുകൾ, യുവാക്കൾക്കായി വിവിധ തൊഴിൽ സാധ്യതകൾ പരിചയ പെടുത്തുന്നതിനായി തൊഴിൽ മേളകൾ എന്നിവ സംഘടിപ്പിക്കും. കൃഷി, മൃഗസംരക്ഷണം തുടങ്ങിയ മേഖലയിലെ പുത്തൻ സാധ്യതകൾ പരിചയപ്പെടുത്തുന്നതിനും പുതിയ അറിവുകൾ നൽകുന്നതിനുമായി വിദഗ്ധരുടെ നേതൃത്വത്തിൽ ക്ലാസുകൾ ഉണ്ടാകും. 22 ന് ഉച്ചയ്ക്ക് 2.30ന് എൻ.കെ അക്ബർ എം.എൽ.എ തീരദേശ സംഗമത്തിന്റെയും ഭക്ഷ്യമേളയുടെയും ഉദ്ഘാടനം നിർവഹിക്കും. പ്രമുഖരായ കലാകാരന്മാരുടെ നേതൃത്വത്തിലുള്ള കലാസന്ധ്യയും ഇതോടൊപ്പം ഒരുക്കുന്നുണ്ട്. കുടുംബശ്രീ അംഗങ്ങളുടെ കലാമേള, നാടൻ പാട്ട്, വയലിൻ ഫ്യൂഷൻ, ഗസൽ സന്ധ്യ, സാക്സോ ഫാൺ മ്യൂസിക്ക് തുടങ്ങി വിവിധ പരിപാടികൾ അരങ്ങേറും. ഭക്ഷണരുചി, തൊഴിൽ മേള, ചെറു ധാന്യങ്ങളും ആരോഗ്യസംരക്ഷണവും, മത്സ്യകൃഷിയിലെ നൂതന രീതികൾ, ഇൻഷുറൻസ് ആൻഡ് പെൻഷൻ സ്കീം, ലഹരിക്കെതിരെയും, പോഷണ വൈവിധ്യം, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവർക്കുള്ള പോഷകാഹാരം എന്നീ വിഷയങ്ങളിലുള്ള വിവിധ സെമിനാറുകൾ മേളയുടെ ഭാഗമായി നടക്കും. നബാർഡിന്റെ പങ്കാളിത്തത്തോടെ കൂടിയാണ് ജില്ലാ മിഷൻ പരിപാടികൾ സംഘടിപ്പിക്കുന്നത്. പരിപാടിയുടെ വിജയത്തിനായി എൻ.കെ അക്ബർ എം.എൽ.എ, ചാവക്കാട് മുൻസിപ്പൽ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ഡോ. യു സലീൽ എന്നിവർ അടങ്ങിയ സംഘാടകസമിതി രൂപീകരിച്ചു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ എസ്.സി നിർമ്മൽ, സി.ഡി.എസ് ചെയർപേഴ്സൺ ജിന രാജീവ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.