ഗുരുവായൂർ: പൈതൃകം ഭാഗവതോത്സവത്തിന് ഗുരുവായൂരിൽ തുടക്കമായി. ഗുരുവായൂർ ക്ഷേത്രം തെക്കെ നടയിലെ ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന യജ്ഞത്തിൽ സ്വാമി ഉദിത് ചൈതന്യയാണ് യജ്ഞാചാര്യൻ. ആചാര്യന്മാരെ പൂർണ്ണകുംഭം നൽകി സ്വീകരിച്ചു. 1008 മഹിളകളുടെ താലം, മുത്തുക്കുട, പഞ്ചവാദ്യം, നാഗസ്വരം എന്നിവയുടെ അകമ്പടി യോടെ കിഴക്കേനട മഞ്ജുളാൽ പരിസരത്ത് നിന്ന് ഘോഷയാത്രയും ഉണ്ടായി. യജ്ഞ വേദിയിൽ ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു.ക്ഷേത്രം ഊരാളൻ, മുൻ മേൽശാന്തി ഡോ. കിരൺ നമ്പൂതിരിക്ക് വിഗ്രഹം നൽകി യജ്ഞവേദിയിൽ പ്രതിഷ്‌ഠിച്ചു. മെട്രോമാൻ ഡോ. ഇ. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ ഡോ. ഡി.എം വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു.
ശാസ്ത്രജ്ഞ ഡോ. താര പ്രഭാകരൻ, ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി.കെ വിജയൻ, കേരള ഗവൺമെൻ്റ് മുൻ ചീഫ് സെക്രട്ടറി വി.പി ജോയ്, പത്തനംതിട്ട ഭാരതീയ വിദ്യാഭവൻ സെക്രട്ടറി പി.ഐ ഷെറീഫ് മുഹമ്മദ് എന്നിവർ നിലവിളക്കുകൾ തെളിയിച്ചു. ഗുരുവായൂർ ദേവസ്വം മാനേജിംഗ് കമ്മിറ്റി അംഗം സി. മനോജ്, അഡ്‌മിനിസ്ട്രേറ്റർ കെ.പി. വിനയൻ എന്നിവർ മുഖ്യാതിഥികളായി. പി.എസ്. പ്രേമാനന്ദൻ, കെ. വേണുഗോപാൽ, കീർത്തി അരുൺ നായർ, അഡ്വ.സി.രാജഗോപാലൻ എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ ജി.കെ.പ്രകാശ് സ്വാഗതവും വർക്കിംഗ് കൺവീനർ ഡോ.കെ.ബി. പ്രഭാകരൻ നന്ദിയും പറഞ്ഞു. അഡ്വ.രവി ചങ്കത്ത്, മണലൂർ ഗോപിനാഥ്, മധു കെ. നായർ, മുരളി അകമ്പടി, കെ.കെ. വേലായുധൻ, എ.കെ. ദിവാകരൻ, ശ്രീകുമാർ പി. നായർ എന്നിവർ നേതൃത്വം നൽകി.