ഗുരുവായൂർ: കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ പടക്കംപൊട്ടുന്ന ശബ്ദം കേട്ട് വിരണ്ട ആനകളില്‍ ഒന്നിനെ രാത്രി പതിനൊന്ന് മണിയോടെ ഗുരുവായൂര്‍ ആനക്കോട്ടയില്‍ തിരിച്ചെത്തിച്ചു. പിന്‍വശത്ത് കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ ആനയെ ശുശ്രൂഷിക്കുന്നതിനും തുടര്‍ചികിത്സയുടെ കാര്യങ്ങള്‍ക്ക് നേതൃത്വംനല്‍കുന്നതിനും ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി വിനയന്റെ നേതൃത്വത്തിലുള്ള സംഘം രാത്രിയോടെ കൊയിലാണ്ടിയിലെത്തിയിരുന്നു
പടക്കം പൊട്ടുന്ന ശബ്ദം കേട്ട് വിരണ്ട ഗുരുവായൂർ ദേവസ്വത്തിൻ്റെ പീതാംബരന്‍ എന്ന ആന ദേവസ്വത്തിൻ്റെ മറ്റൊരു ആനയായ ഗോകുലിനെ പുറകില്‍നിന്ന് കുത്തിയതോടെയാണ് പ്രശ്‌നംരൂക്ഷമായത്. ഇതില്‍ പീതാംബരനെ ഉടന്‍ തന്നെ ദേവസ്വത്തിന്റെ തന്നെ ലോറിയില്‍ കയറ്റി ആനക്കോട്ടയിലെത്തിച്ചു. ഗോകുലിന്റെ മുറിവുകള്‍ ആഴമേറിയതാണെന്നും ചികിത്സ ആരംഭിച്ചതായും ആനകോട്ടയുടെ ചുമതലയുള്ള ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ എം. രാധ രഘുനന്ദന്‍ പറഞ്ഞു. ഇന്നലെ രാത്രി 12 മണിയോടെ ഗോകുലിനെ ലോറിയില്‍ കയറ്റി ഗുരുവായൂരിലേക്ക് കൊണ്ടുവന്നു. ഗോകുലിന്റെ പിന്‍ഭാഗത്തും മുന്‍വശത്ത് ഇടതുകാലിന്റെ നടയിലും മുട്ടിന്റെ ഭാഗത്തുമാണ് പരിക്കേറ്റത്. ഡെപ്യൂട്ടി അഡ്മിസ്‌ട്രേറ്റര്‍ എം രാധ, വെറ്ററിനറി ഡോക്ടര്‍ ചാരുജിത്ത്, ലൈവ് സ്‌റ്റോക്ക് സൂപ്പര്‍വൈസര്‍ സജീവ് എന്നിവരും കൊയിലാണ്ടിയിലെത്തിയിരുന്നു.