കൊടുങ്ങല്ലൂർ: നിരോധിച്ച വലകൾ ഉപയോഗിച്ച് ആഴക്കടലിൽ മീൻപിടിച്ച ബോട്ട് ഫിഷറീസ് വകുപ്പ് പിടിച്ചെടുത്തു. മുനമ്പം പള്ളിപ്പുറം സ്വദേശി ചെമ്പങ്ങാട്ട് ദുർഗ ജീവന്റെ ഉടമസ്ഥതയിലുള്ള ദേവമാതാ ബോട്ടാണ് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റും തീരദേശ പൊലീസും പിടിച്ചെടുത്തത്. പരമ്പരാഗത മത്സ്യത്തൊഴിലാളികൾ നൽകിയ പരാതിയിലാണ് നടപടി. കണ്ണിവലുപ്പം കുറഞ്ഞ വലകൾ, ഹൈവോൾട്ടേജ് എൽഇഡി ലൈറ്റുകൾ, ഹൈമാസ്റ്റ് ലൈറ്റുകൾ, ട്യൂബ് ലൈറ്റുകൾ എന്നിവയും പിടിച്ചെടുത്തു. ബോട്ടുടമയ്‌ക്ക് 4,37,900 രൂപ പിഴചുമത്തി. അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസി. ഡയറക്ടർ ഡോ. സീമയുടെയും, അഴീക്കോട് തീരദേശ പൊലീസ് സ്റ്റേഷനിലെ എസ്.ഐ പി പി ബാബുവിന്റെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ബോട്ട് പിടിച്ചെടുത്തത്.