Thursday, February 13, 2025

പത്താം ക്ലാസ് വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയ കേസിൽ നാല് പ്രതികൾ പിടിയിൽ

മംഗലപുരം: മുരുക്കുംപുഴയിൽ പത്താം ക്ലാസ് വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയ കേസിൽ നാല് പ്രതികളെയും മംഗലപുരം പോലീസ് പിടികൂടി. കോരാണി വൈ.എം.എ. സിന്ധുഭൈരവി വീട്ടിൽ അശ്വനിദേവ് (ദേവൻ-20), വേങ്ങോട് കളിയിക്കൽ അജിത് ഭവനിൽ അഭിരാജ് (20), അഭിറാം (23), കുടവൂർ പ്ലാവുവിളവീട്ടിൽ ശ്രീജിത് (23) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

ഒന്നാംപ്രതിയായ അശ്വനിദേവ് കുറച്ചു ദിവസങ്ങൾക്കുമുൻപ്‌ പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയെ വീട്ടിൽക്കയറി ആക്രമിച്ച കേസിൽ പ്രതിയാണ്. ഈ കേസിൽ ജാമ്യത്തിലിറങ്ങിയിട്ട് കുറച്ചുദിവസങ്ങളേ ആയിട്ടുള്ളൂ. ജാമ്യത്തിലിറങ്ങിയശേഷം മറ്റൊരു പെൺകുട്ടിയോടു ഇയാൾ പ്രണയാഭ്യർഥന നടത്തിയിരുന്നു.

ചൊവ്വാഴ്ച തട്ടിക്കൊണ്ടുപോകപ്പെട്ട പതിനഞ്ചുകാരൻ ഈ പെൺകുട്ടിയുടെ സഹപാഠിയാണ്. ഈ കുട്ടിയെ കഴിഞ്ഞയാഴ്ചയും അജ്ഞാതർ പിടിച്ചുകൊണ്ടുപോയി മർദിച്ചിരുന്നു.

മുരുക്കുംപുഴ സ്വദേശിയായ 15-കാരനെ ചൊവ്വാഴ്ച രാത്രി ഏഴേമുക്കാലോടെയാണ് നാലംഗസംഘം കാറിൽ കയറ്റിക്കൊണ്ടുപോയത്. തുടർന്ന് ബന്ധുക്കൾ മംഗലപുരം പോലീസിൽ പരാതി നൽകി. മംഗലപുരം എസ്.എച്ച്.ഒ. ഹേമന്ദ് കുമാർ, എസ്.ഐ. വിപിൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം രണ്ടുമണിക്കൂറിനുള്ളിൽ കീഴാറ്റിങ്ങലിൽ റബ്ബർതോട്ടത്തിൽ തടഞ്ഞുവെച്ചിരുന്ന ആഷിഖിനെ കണ്ടെത്തി.

രണ്ടു പ്രതികളെ രാത്രി 10 മണിയോടെയും മറ്റു രണ്ടുപ്രതികളെ പുലർച്ചെ രണ്ടരയോടെയും പിടികൂടി. പൗഡിക്കോണം സ്വദേശിയിൽനിന്നു വാടകയ്ക്ക് എടുത്ത കാറിലാണ് നാലംഗസംഘം വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയത്. ഈ വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാവിലെ 11-ന് കുട്ടിയെ ബൈക്കിൽ എത്തിയ രണ്ടുപേർ ബലമായി പിടിച്ചുകൊണ്ടുപോയി മർദിച്ചിരുന്നു. അന്ന് വൈകീട്ടോടെ കുട്ടിയെ തിരിച്ചയച്ചു.
ഇതിനുപിന്നിലും ഈ സംഘമാണെന്ന് പോലീസ് സംശയിക്കുന്നു. വിദ്യാർഥിയുടെ മൊഴിയെടുത്താൽമാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാവുകയുള്ളൂ എന്ന് മംഗലപുരം പോലീസ് പറഞ്ഞു. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments