വാടാനപ്പള്ളി : രാത്രിയിൽ വീടുവിട്ടിറങ്ങിയ പതിനേഴുകാരിയെ സമയോചിത ഇടപെടലിൽ വീട്ടിൽ തിരിച്ചെത്തിച്ച് അന്തിക്കാട് പോലീസ്. തിങ്കളാഴ്ച രാത്രി ഒൻപതു മണിക്കാണ് കണ്ടശ്ശാംകടവ് സ്വദേശിനിയായ കൗമാരക്കാരി വീട്ടിൽനിന്ന് വഴക്കിട്ട് ഇറങ്ങിപ്പോയത്. ഈ സമയം കുട്ടിയുടെ അമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാത്രിയായതിനാൽ അമ്മ അന്തിക്കാട് പോലീസിൽ ഫോൺ വിളിച്ച് വിവരം പറഞ്ഞു. തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന സി.പി.ഒമാരായ രജീഷ്, പ്രതീഷ്, ഡ്രൈവർ ജിനേഷ് എന്നിവർ കണ്ടശ്ശാംകടവിലെത്തി. മാർക്കറ്റിലും പരിസര റോഡുകളിലും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് കണ്ടശ്ശാംകടവിലെ കനോലി കനാലിനു മുകളിലുള്ള പാലത്തിനു സമീപത്ത് നടത്തിയ തിരച്ചിലിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്.