Wednesday, February 19, 2025

‘സി.പി.എം തൃശൂർ ജില്ലാ സമ്മേളന റിപ്പോർട്ട് സി.ബി.ഐ പിടിച്ചെടുക്കണം’: ജോൺ ഡാനിയൽ

തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥിക്ക് വോട്ട് മറിച്ചു നല്‍കിയതായി സി.പി.എം തൃശൂര്‍ ജില്ലാ സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടിലൂടെ പാര്‍ട്ടി ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണെന്നു കെ.പി.സി.സി സെക്രട്ടറി ജോണ്‍ ഡാനിയല്‍. തൃശൂരിലെ യു.ഡി.എഫ് വോട്ടുകളാണു ബി.ജെ.പിക്ക് ലഭിച്ചതെന്നും, എല്‍.ഡി.എഫിന്റെ വിശ്വസ്തവോട്ടുകള്‍ മുഴുവനായും സി.പി.ഐ സ്ഥാനാര്‍ഥി വി.എസ് സുനില്‍ കുമാറിനു ലഭിച്ചുവെന്നുമാണ് സി.പി.എം സംസ്ഥാന-ജില്ലാ നേതൃത്വങ്ങള്‍ ഇതുവരെ അവകാശപ്പെട്ടിരുന്നത്. എന്നാല്‍, തൃശൂരില്‍ സി.പി.എം വോട്ടുകളില്‍ നിന്ന് ബി.ജെ.പിക്ക് അനുകൂലമായി ഗണ്യമായ ചോര്‍ച്ച സംഭവിച്ചിട്ടുണ്ടെന്നും, വി.എസ് സുനില്‍കുമാറിന്റെ വ്യക്തിപ്രഭാവം കൊണ്ടു മാത്രമാണ് തോല്‍വിയുടെ ആഴം കുറഞ്ഞതെന്നുമാണ് ജില്ലാ സമ്മേളനത്തിലെ റിപ്പോര്‍ട്ട്. സംസ്ഥാന-ജില്ലാ നേതൃത്വത്തിനു ബി.ജെ.പിയുമായുള്ള അവിശുദ്ധ ബാന്ധവത്തോട് സി.പി.എമ്മിന്റെ താഴേത്തട്ടിലെ പ്രവര്‍ത്തകര്‍ക്കുള്ള എതിര്‍പ്പാണ് ജില്ലാ സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടിലൂടെ പുറത്തു വന്നിരിക്കുന്നത്. കേരളത്തിലെ സി.പി.എമ്മിന്റെ ചരിത്രത്തിലെ തന്നെ അത്യപൂര്‍വ്വമായ ഈ ആത്മപരിശോധനാറിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ തൃശൂരിലെ ജനാധിപത്യവിശ്വാസികളോട് നിരുപാധികം മാപ്പുപറയാന്‍ സി.പി.എം സംസ്ഥാന നേതൃത്വവും മുഖ്യമന്ത്രി പിണറായി വിജയനും തയ്യാറാകണം.

കരുവന്നൂര്‍ സഹകരണ ബാങ്കിലെ കോടികളുടെ ക്രമക്കേടില്‍ സി.പി.എം ജില്ലാ നേതൃത്വത്തിനുള്ള പങ്കും സമ്മേളന റിപ്പോര്‍ട്ടിലൂടെ ഔദ്യോഗികമായി പുറത്തു വന്നിരിക്കുകയാണ്.  ഉന്നത നേതാക്കള്‍ക്ക് തട്ടിപ്പില്‍ നേരിട്ടു പങ്കുണ്ടെന്ന കുറ്റസമ്മതം കൂടിയാണ് ജില്ലാ സമ്മേളന റിപ്പോര്‍ട്ട്. ഇത് തെളിവായി സ്വീകരിച്ച് കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ സി.പി.എം നേതൃത്വത്തിനെതിരെ കേസെടുക്കണം. സി.പി.എം തൃശൂര്‍ ജില്ലാ സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ട് പിടിച്ചെടുക്കാന്‍ സി.ബി.ഐ ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികള്‍ തയ്യാറാകണം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സി.പി.എം സംസ്ഥാന-ജില്ലാ നേതൃത്വങ്ങള്‍ നടത്തിയ ചതി വെളിച്ചത്തു വന്ന സാഹചര്യത്തില്‍ എല്‍.ഡി.എഫില്‍ ഇനിയും തുടരേണ്ടതുണ്ടോ എന്ന് സി.പി.ഐ ആത്മപരിശോധന നടത്തണമെന്നും ജോണ്‍ ഡാനിയല്‍ ആവശ്യപ്പെട്ടു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments