ഗുരുവായൂർ: ഈ വർഷത്തെ തദ്ദേശ ദിനാഘോഷം ഫെബ്രുവരി 18, 19 തീയതികളിൽ വിവിധ പരിപാടികളോടെ ഗുരുവായൂരിൽ സംഘടിപ്പിക്കുമെന്ന് തദ്ദേശ ദിനാഘോഷ സംഘാടക സമിതി ചെയർമാൻ എൻ കെ അക്ബർ എം.എൽ.എ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, മറ്റു മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, എം.എൽ.എമാർ, തദ്ദേശ സ്ഥാപന അധ്യക്ഷൻമാർ. ജനപ്രതിനിധികൾ, ഉന്നത ഉദ്യോഗസ്ഥന്മാർ എന്നിവർ പരിപാടിയിൽ പങ്കെടുക്കും. തദ്ദേശ ദിനാഘോഷവുമായി ബന്ധപ്പെട്ട് ഫെബ്രുവരി 14 മുതൽ വ്യത്യസ്‌തങ്ങളായ പരിപാടികൾ സംഘടിപ്പിക്കും. വ്യത്യസ്തത വിഷയങ്ങളിലുള്ള സെമിനാറുകൾ, ചർച്ചകൾ എന്നിവ കൂടാതെ കലാരംഗത്തെ പ്രമുഖർ അവതരിപ്പിക്കുന്ന കലാപരിപാടികൾ, കലാ-കായിക മത്സരങ്ങൾ എന്നിവയും പരിപാടിയുടെ ഭാഗമായി നടക്കും. മികച്ച പ്രവർത്തനം കാഴ്ചവെച്ച് തെരഞ്ഞെടുക്കപ്പെടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള സ്വരാജ് ട്രോഫിയും അന്നേ ദിവസം വിതരണം ചെയ്യും.
തദ്ദേശ ദിനാഘോഷത്തിന് മുന്നോടിയായി വിവിധ ദിവസങ്ങളിൽ വിവിധ പരിപാടികൾ അരങ്ങേറും. ഫെബ്രുവരി 14 ഉച്ചതിരിഞ്ഞ് 3 ന് എക്‌സിബിഷൻ ഉദ്ഘാടനവും വൈകിട്ട് 7 ന് ഗായകൻ പത്മകുമാർ നയിക്കുന്ന ‘നിറവി’ സംഗീത നിശയും ഉണ്ടാകും. ഫെബ്രുവരി 15 ന് ഇരുപതിൽ പരം തദ്ദേശ സ്ഥാപനങ്ങൾ പങ്കെടുക്കുന്ന വിളംബര ഘോഷയാത്ര നടക്കും. അതേ ദിവസം വൈകിട്ട് 7 മണിയിക്ക് മല്ലാരി ടീം അവതരിപ്പിക്കുന്ന വാദ്യോപകരണ സംഗീത പരിപാടിയും അരങ്ങേറും. ഫെബ്രുവരി 16ന് വൈകിട്ട് 7 മണിയ്ക്ക് ഇപ്റ്റ നാട്ടരങ്ങ് അവതരിപ്പിക്കുന്ന ‘പാട്ടും പടവെട്ടും’ എന്ന നവീന നാടൻ പാട്ട് ദ്യശ്യ കലാമേളയും ഉണ്ടായിരിക്കും 17 ന് വൈകിട്ട് ആറുമണിക്ക് പ്രൊഫ. ആർ.എൽ.വി രാമകൃഷ്‌ണൻ ആൻ്റ് ടീം അവതരിപ്പിക്കുന്ന ‘നൃത്ത ത്രയം’ എന്ന പരിപാടിയും, രാത്രി എട്ടു മണി മുതൽ ചലച്ചിത്രതാരം കൃഷ്ണ്‌ണ പ്രഭ അവതരിപ്പിക്കുന്ന മെഗാഷോയും ഉണ്ടാകും. ഫെബ്രുവരി 18 – ന് വൈകിട്ട് 6 മുതൽ ഗായകൻ പി.ജയചന്ദ്രൻ അനുസ്‌മരണാർത്ഥം ഉപാസന എന്ന പരിപാടിയും തദ്ദേശ ദിനാഘോഷവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ചിട്ടുണ്ട്. ഫെബ്രുവരി 19 – ന് സമാപന സമ്മേളനവും പുരസ്ക്കാര വിതരണവും നടക്കും. കേരളത്തിലെ മുഴുവൻ തദ്ദേശ സ്ഥാപന മേധാവികളും ജനപ്രതിനിധികളും ഉദ്യോഗസ്ഥൻമാരും പങ്കെടുക്കുന്ന പരിപാടിയിൽ ഇന്ത്യയിലെ മറ്റ് സംസ്ഥാനത്ത് നിന്നുമുള്ള പ്രതിനിധികളും പങ്കെടുക്കും. തദ്ദേശ ദിനാഘോഷ സംഘാടകസമിതി വൈസ് ചെയർമാനും ഗുരുവായൂർ നഗരസഭ ചെയർമാനുമായ എം കൃഷ്ണദാസ്, എൽ.എസ്.ജി.ഡി തൃശ്ശൂർ ജോയിൻ്റ് ഡയറക്ടർ സാജു സെബാസ്റ്റ്യൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.