കല്പറ്റ: സംസ്ഥാനത്ത് വന്യജീവി ആക്രമണത്തില്‍ ഒരുജീവന്‍ കൂടി പൊലിഞ്ഞു. വയനാട് നൂല്‍പ്പുഴയിലാണ് കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടത്. നൂല്‍പ്പുഴ കാപ്പാട് ഉന്നതിയിലെ മനു(45)വിനാണ് ജീവന്‍ നഷ്ടമായത്.
തിങ്കളാഴ്ച വൈകിട്ട് കടയില്‍പോയി സാധനങ്ങള്‍ വാങ്ങി തിരികെ വരുന്നതിനിടെയാണ് മനുവിനെ കാട്ടാന ആക്രമിച്ചതെന്നാണ് വിവരം. മനുവിനൊപ്പം ഭാര്യയും കൂടെയുണ്ടായിരുന്നതായാണ് സൂചന. എന്നാല്‍, ഭാര്യയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ചൊവ്വാഴ്ച രാവിലെ വനത്തിനോട് ചേര്‍ന്ന വയലിലാണ് മനുവിന്റെ മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് വനപാലകരടക്കം സ്ഥലത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞദിവസം ഇടുക്കിയിലും കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. പെരുവന്താനം ചെന്നാപ്പാറ നെല്ലിവിള പുത്തന്‍വീട്ടില്‍ ഇസ്മായിലിന്റെ ഭാര്യ സോഫിയ (45)യെ ആണ് കഴിഞ്ഞദിവസം കാട്ടാന ചവിട്ടിക്കൊന്നത്.