Tuesday, March 11, 2025

മദ്യലഹരിയില്‍ ഔദ്യോഗികവാഹനമോടിച്ച ഡിവൈ.എസ്.പി. പിടിയില്‍

തുറവൂര്‍ (ആലപ്പുഴ): മദ്യലഹരിയില്‍ ഔദ്യോഗികവാഹനമോടിച്ച ഡിവൈ.എസ്.പി. പോലീസ് പിടിയില്‍. തിരുവനന്തപുരം ക്രൈം റെക്കോഡ്‌സ് ബ്യൂറോ ഡിവൈ.എസ്.പി. അനിലിനെയാണ് അരൂര്‍ എസ്.ഐ. ഗീതുമോളുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ഞായറാഴ്ച രാത്രി ദേശീയപാതയില്‍ ചന്തിരൂരിലായിരുന്നു സംഭവം. പോലീസ് വാഹനം അപകടം ഉണ്ടാക്കുന്ന രീതിയില്‍ കടന്നുപോകുന്നെന്ന് ജനങ്ങള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നാണ് പോലീസ് സംഘം കൈകാണിച്ചു വാഹനം നിര്‍ത്തിച്ചത്. തുടര്‍ന്നുനടന്ന ചോദ്യംചെയ്യലില്‍ ഇദ്ദേഹം മദ്യപിച്ചിട്ടുണ്ടെന്നു മനസ്സിലായി. എറണാകുളത്ത് ഔദ്യോഗികാവശ്യത്തിനു പോയതാണെന്നും തിരുവനന്തപുരത്തേക്ക് തിരികെപ്പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഡിവൈ.എസ്.പി.യാണെന്നു പറഞ്ഞതോടെ പോലീസ് ഒന്നു പതറി. ഇതോടെ വാഹനത്തില്‍ കയറി ഇദ്ദേഹം ഓടിച്ചു പോയി. എന്നാല്‍, ഉടന്‍ പോലീസ് സംഘം പിന്‍തുടര്‍ന്നെത്തി ഇദ്ദേഹത്തെയും വാഹനവും കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന്, ഇദ്ദേഹത്തെ തുറവൂര്‍ ഗവ. ആശുപത്രിയിലെത്തിച്ചു വൈദ്യപരിശോധനയ്ക്കു വിധേയമാക്കി. എന്നാല്‍, കേസെടുത്തോ എന്നതടക്കമുള്ള വിവരങ്ങള്‍ നല്‍കാന്‍ അരൂര്‍ പോലീസ് തയ്യാറായില്ല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments