Monday, February 3, 2025

ലോക്സഭാ തിരഞ്ഞെടുപ്പ്; ബി.ജെ.പിയുമായുള്ള കോൺഗ്രസിന്റെ അവിശുദ്ധ ബന്ധം തെളിഞ്ഞെന്ന് കെ.വി അബ്ദുൽഖാദർ

തൃശൂർ: കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പിൽ തൃശൂർ ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസ് ജില്ലാ നേതാക്കൾ മന:പൂർവ്വമായി വീഴ്ച വരുത്തിയെന്ന കെ.പി.സി.സി അന്വേഷണ കമ്മീഷന്റെ കണ്ടെത്തൽ വ്യക്തമാക്കുന്നത് ബി.ജെ.പിയുമായി ജില്ലയിലുണ്ടാക്കിയ അവിശുദ്ധ ബന്ധമാണെന്ന് എൽ.ഡി.എഫ് ജില്ലാ കൺവീനർ കെ.വി അബ്ദുൽ ഖാദർ ആരോപിച്ചു. ടി.എൻ പ്രതാപൻ, ജോസ് വള്ളൂർ, അനിൽ അക്കര, എം.പി വിൻസന്റ് എന്നിവരെ പേരെടുത്ത് പറഞ്ഞ് കമ്മീഷൻ കുറ്റപ്പെടുത്തുന്നുണ്ടെന്നും ഇടതുപക്ഷ സ്ഥാനാർത്ഥി വി.എസ് സുനിൽകുമാർ വിജയിക്കാതിരിക്കാൻ പല നിയമസഭാ മണ്ഡലങ്ങളിലും കോൺഗ്രസുകാർ തങ്ങളുടെ വോട്ട് ബി.ജെ.പി സ്ഥാനാർത്ഥി സുരേഷ് ഗോപിക്ക് മറിച്ചു കൊടുക്കുകയാണ് ചെയ്തതതെന്നും അദ്ദേഹം ആരോപിച്ചു. ഇതോടെ 64,000 വോട്ടുകൾ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് കുറയുകയും യു.ഡി.എഫ് സ്ഥാനാർത്ഥി കെ മുരളിധരൻ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ചെയ്തു. വഞ്ചനാപരമായ നിലപാട് സ്വീകരിച്ച ടി.എൻ പ്രതാപൻ ഇപ്പോൾ കെ.പി.സി.സിയുടെ വർക്കിങ് പ്രസിഡണ്ടായാണ് പ്രവർത്തിക്കുന്നത്. കെ.പി.സി.സി അന്വേഷണ റിപ്പോർട്ട് പുറത്ത് വന്ന സാഹചര്യത്തിൽ ആ സ്ഥാനത്തു നിന്ന് പ്രതാപൻ രാജി വെക്കുകയാണ്.വേണ്ടത്. അല്ലെങ്കിൽ അദ്ദേഹത്തെ പുറത്താക്കണമെന്നും അബ്ദുൽ ഖാദർ ആവശ്യപ്പെട്ടു. ലോക്സഭാ തെരഞ്ഞെടുപ്പിലെ ബി.ജെ.പിക്കുള്ള വോട്ട് കൈമാറ്റം ഒറ്റപ്പെട്ട ഒരു സംഭവമായിരുന്നില്ല. കഴിഞ്ഞ ഏതാനും വർഷങ്ങളായി ജില്ലയിലെ കോൺഗ്രസ്സ് ബി.ജെ.പി നിയന്ത്രിത ഏജൻസികളുടെ സ്തുതി പാഠകരായിരുന്നു. അനിൽ അക്കര, ജോസ് വള്ളൂർ എന്നിവർ കേന്ദ്ര സർക്കാരിന്റെ പ്രചാരകരെ പോലെയാണ് പ്രവർത്തിച്ചിരുന്നത്. രാഷ്ട്രീയ പ്രേരിതമായി ഇ.ഡി പോലുള്ള കേന്ദ്ര ഏജൻസികൾ സി.പി.എമ്മിനെ വേട്ടയാടുമ്പോൾ ഇവർ ബി.ജെ.പിയേക്കാൾ ഉച്ചത്തിൽ കേന്ദ്ര ഏജൻസികളെ ശരിവയ്ക്കുകയായിരുന്നു. രാഷ്ട്രീയമായി സംഘ്പരിവാറിന് മേൽക്കൈ ഉണ്ടാക്കുന്ന നിലപാടുകളാണ് ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിൽ ഇവർ സ്വീകരിച്ചത്. സ്വന്തം പാർട്ടിയുടെ സംസ്ഥാന നേതൃത്വം നിയോഗിച്ച അന്വേഷണ കമീഷന്റെ നിഗമനങ്ങൾ പുറത്തു വന്നിട്ടും  കള്ളകളി നടത്തിയവർ പ്രതികരിക്കുന്നില്ല. തൃശൂർ ലോക്സഭാ മണ്ഡലത്തിലെ കോൺഗ്രസ് -ബിജെപി ബാന്ധവം മറച്ചു വയ്ക്കുന്നതിന് കല്ലുവച്ച നുണകൾ പ്രചരിപ്പിക്കുന്നതിനും തെരഞ്ഞെടുപ്പ് വേളയിൽ പ്രതാപൻ ഉൾപ്പെടെയുള്ളവർ ശ്രമിച്ചതായും സി.പി.എം – ബി.ജെ.പി അന്തർധാര എന്ന ഹിമാലയൻ നുണ ഇത്തരത്തിലുള്ള ഒന്നായിരുന്നുവെന്നും ഇപ്പോൾ പുറത്തുവന്ന അന്വേഷണ റിപ്പോർട്ട് ജില്ലയിലെ കോൺഗ്രസിന്റെ അധോഗതിയാണ് വ്യക്തമാക്കുന്നതെന്നും കെ.വി അബ്ദുൾ ഖാദർ പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments