Saturday, February 1, 2025

വിവാഹ ബുക്കിങ് 200 കടന്നു; ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനും വിവാഹത്തിനും നാളെ പ്രത്യേക ക്രമീകരണം

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ  നാളെക്കുള്ള (ഫെബ്രുവരി 2) വിവാഹ ബുക്കിങ്ങ് 200 കടന്നതോടെ  ദർശനത്തിനും താലികെട്ട് ചടങ്ങിനും  ദേവസ്വം പ്രത്യേക ക്രമീകരണമൊരുക്കും. പൊതു അവധി ദിനമായതിനാൽ ഭക്തർക്ക് സുഗമമായ ക്ഷേത്രദർശനവും സമയബന്ധിതമായി വിവാഹ ചടങ്ങുകളും നടത്താനാണ് ദേവസ്വം ക്രമീകരണങ്ങൾ സജ്ജമാക്കുന്നത്. സമയബന്ധിതമായി പൂർത്തിയാക്കാൻ പുലർച്ചെ 5മണി മുതൽ കല്യാണങ്ങൾ നടത്തും. താലികെട്ടിനായി കൂടുതൽ മണ്ഡപങ്ങൾ സജ്ജമാക്കും. താലികെട്ട് ചടങ്ങ് നിർവ്വഹിക്കാൻ  ക്ഷേത്രം കോയ്മമാരെ മണ്ഡപത്തിലേക്ക് അധികം നിയോഗിക്കും. വരനും വധുവുമടങ്ങുന്ന വിവാഹസംഘങ്ങൾക്ക് നേരത്തെയെത്തി ക്ഷേത്രം തെക്കേ നടയിലെ പട്ടര്കുളത്തിനോട് ചേർന്നുള്ള റിസപ്ഷൻ  കൗണ്ടറിലെത്തി രജിസ്ട്രേഷൻ നടത്തി ടോക്കൺ വാങ്ങി  പ്രത്യേക പന്തലിൽ വിശ്രമിക്കാം. താലികെട്ട് ചടങ്ങിൻ്റെ ഊഴമാകുമ്പോൾ ടോക്കൺ നമ്പർ പ്രകാരം ഇവരെ ക്ഷേത്രം സെക്യൂരിറ്റി വിഭാഗം മേൽപുത്തൂർ ആഡിറ്റോറിയത്തിലേക്കും അവിടെ നിന്നും കല്യാണ മണ്ഡപത്തിലേക്കും പ്രവേശിപ്പിക്കും. വരനും വധുവും കുടുംബാംഗങ്ങളും നാല് ഫോട്ടോഗ്രാഫർമാരും  ഉൾപ്പെടെ  24 പേർക്കേ പ്രവേശനം ഉണ്ടാകൂ. ക്ഷേത്രത്തിൽ  ക്രമാതീതമായ ഭക്തജന തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ പുലർച്ചെ നിർമ്മാല്യം മുതൽ ഭക്തരെ കൊടിമരത്തിന് സമീപം വഴി നേരെ നാലമ്പലത്തിലേക്ക് പ്രവേശിപ്പിക്കും. ദർശനം ക്യു വടക്കേ നടപ്പന്തലിലേയ്ക്ക് മാറ്റും. ക്രമീകരണങ്ങളുമായി ഭക്തർ സഹകരിക്കണമെന്ന് ദേവസ്വം അഭ്യർത്ഥിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments