ഒരുമനയൂർ: ഒരുമണിയൂർ കടപ്പുറം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം കടവ് പാലത്തിൻ്റെ അറ്റകുറ്റപ്പണിയിൽ ഒരുമണിയൂർ ഗ്രാമപഞ്ചായത്ത് അധികൃതർ സഹകരിക്കണമെന്ന ആവശ്യവുമായി യു.ഡി.എഫ് ഒരുമനയൂർ പഞ്ചായത്ത് കമ്മിറ്റി രംഗത്ത്. പാലം കടവിൽ വഞ്ചിയിൽ കടത്തുള്ള കാലം മുഴുവൻ ലേലം നടത്തുകയും വരുമാനം എടുക്കുകയും ചെയ്ത ഒരുമനയൂർ ഗ്രാമ പഞ്ചായത്ത്, പാലം അറ്റകുറ്റ പണിയിൽ ചാവക്കാട് ബ്ലോക്ക് പഞ്ചയത്തുമായി സഹകരിച്ച് ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു. പാലം അറ്റകുറ്റ നടത്താനായി ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് 5 ലക്ഷം രൂപ ഫണ്ട് അനുവദിച്ചിട്ടുണ്ട്. അധികമായി വരുന്ന സംഖ്യയിൽ കടപ്പുറം പഞ്ചായത്തിനൊപ്പം ഒരുമനയൂർ പഞ്ചായത്തും സഹകരിക്കണമെന്നാവശ്യമുന്നയിച്ച് യു.ഡി.എഫ് ഒരുമനയൂർ പഞ്ചായത്ത് കമ്മറ്റി പഞ്ചായത്ത് പ്രസിഡണ്ട് വിജിത സന്തോഷിന് നിവേദനം നൽകി. യു.ഡി.എഫ് ചെയർമാൻ കെ.വി അബ്ദുൽ കാദർ, കൺവീനർ ഹംസ കാട്ടത്തറ, പഞ്ചായത്ത് മെമ്പർ കെ.ജെ ചാക്കോ, ആർ.എസ് ഷക്കീർ, നിഷാദ് മാളിയേക്കൽ, അലി, ആരിഫ ജൂഫൈർ, ഷംസു, ഹിഷാം എന്നിവർ പങ്കെടുത്തു.