ഗുരുവായൂർ: ഗുരുവായൂർ റെയിൽവേ സ്‌റ്റേഷന് കേന്ദ്ര ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ അംഗീകാരം ലഭിച്ചു. റെയിൽവേ സ്റ്റേഷനുകളിലെ ടീ സ്റ്റാളുകളിലും ഭക്ഷ്യശാലകളിലും പരിശോധന നടത്തിയശേഷം നൽകുന്ന ‘ഈറ്റ് റൈറ്റ് സ്റ്റേഷൻ’ സർട്ടിഫിക്കറ്റാണ് ഗുരുവായൂരിന് ലഭിച്ചത്. അധികം തിരക്കില്ലാത്ത സ്റ്റേഷനായതുകൊണ്ട് ഗുരുവായൂരിൽ ചെറിയ ടീസ്റ്റാളാണുള്ളത്. അവിടെ നൽകുന്ന ഭക്ഷണം ഗുണമേൻമയുള്ളതാണോ ശുചിത്വം പാലിക്കുന്നുണ്ടോ എന്നിവ സംബന്ധിച്ച് റെയിൽവേ ഫുഡ് സേഫ്റ്റി ഓഫീസറുടേയും ക്വാളിറ്റി കൺട്രോൾ ഓഫീസറുടേയും നേതൃത്വത്തിൽ രണ്ടാഴ്ച മുമ്പ് പരിശോധന നടത്തിയിരുന്നു. ഭക്ഷണത്തിൽ ഓരോ ഇനത്തിന്റെയും സാമ്പിളും വെള്ളവും പരിശോധനയ്ക്ക് അയച്ച് ഗുണമേന്മ ഉറപ്പുവരുത്തുകയുമുണ്ടായി. ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസമാണ് ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സർട്ടിഫിക്കറ്റ് ലഭിച്ചതെന്ന് സ്റ്റേഷൻ മാസ്റ്റർ പി.ജി നിഷാജ് പറഞ്ഞു.