പുന്നയൂർ: അകലാട് ശ്രീ ബാലസുബ്രഹ്മണ്യ മഹാക്ഷേത്രത്തിൽ താലപ്പൊലി മകര ചൊവ്വ മഹോത്സവം ആഘോഷിച്ചു. 13ന് രാവിലെ വിശേഷങ്ങൾ പൂജകൾക്ക് ശേഷം കുടുംബത്തിലെ മൂത്ത കാരണവർ താമരത്ത് രാമു കൊടിയേറ്റം നിർവഹിച്ചു. തുടർന്ന് സർപ്പക്കളം, കളംപാട്ട് എന്നിവ ഉണ്ടായിരുന്നു. 14ന് പൊങ്കാല സമർപ്പണവും, ഭൂതക്കളവും ഉണ്ടായി. 21ന് മകര ചൊവ്വ ദിവസം നട തുറക്കൽ, ഗണപതിഹോമം, പറയെടുപ്പ്, അഭിഷേകങ്ങൾ, ഉഷപൂജ, ഉച്ചപൂജ, എന്നിവയും വിവിധ ആഘോഷ കമ്മറ്റികളുടെ നേതൃത്വത്തിൽ പൂത്താലം വരവും ഉണ്ടായിരുന്നു. ഉച്ചയ്ക്ക് 12 മണി മുതൽ അന്നദാനവും നടന്നു. പൂജകൾക്ക് ശാന്തി സുബ്രഹ്മണ്യൻ താമരത്ത് നേതൃത്വം നൽകി. വൈകീട്ട് ആഘോഷ കമ്മിറ്റികളുടെ നേതൃത്വത്തിൽ വിവിധ വാദ്യമേളങ്ങളോടും, കാവടി, പ്രാചീന കലാരൂപങ്ങൾ, തെയ്യം, തിറ, കരിങ്കാളി എന്നിവയുടെ അകമ്പടിയോടുകൂടി എഴുന്നള്ളിപ്പുകൾ ക്ഷേത്രത്തിൽ എത്തിച്ചേർന്നു. രാത്രി 8:30 മുതൽ തായമ്പക, അട പുഴുക്ക്, ദേവിക്ക് രൂപക്കളം എന്നിവയും പുലർച്ച താലം, പാൽക്കുടം എഴുന്നള്ളിപ്പ് എന്നിവയും ഉണ്ടായിരുന്നു. ഗുരുതി സമർപ്പണത്തിനു ശേഷം നട അടക്കാലോട്കൂടി പൂര മഹോത്സവത്തിന് സമാപനമായി. പരിപാടികൾക്ക് ക്ഷേത്രം പ്രസിഡണ്ട് എ.കെ മനോജ്, സെക്രട്ടറി എം.കെ കൃഷ്ണൻ, ട്രഷറർ സുഭാഷ് മാമ്പുള്ളി, മഠാധിപതി കമ്മിറ്റി ഭാരവാഹികളായ താമത്ത് ബാലൻ, സുഗതൻ, നരേന്ദ്രൻ തുടങ്ങി മറ്റു കമ്മറ്റി ഭാരവാഹികളും നേതൃത്വം നൽകി.