Saturday, January 18, 2025

ചാവക്കാട് പോലീസ് വിലക്ക് നീക്കി; എച്ച്.എം.സി, മിറാക്കിൾസ് ക്ലബുകൾക്ക് നേർച്ച ആഘോഷങ്ങളിൽ പങ്കെടുക്കാം

ചാവക്കാട്: എടക്കഴിയൂർ ചന്ദനക്കുടം നേർച്ചയ്ക്കിടെ നടന്ന സംഘട്ടനവുമായി ബന്ധപ്പെട്ട് വരാനിരിക്കുന്ന മണത്തല, വട്ടേക്കാട് നേർച്ച ആഘോഷങ്ങളിൽ പങ്കെടുക്കരുതെന്ന് കാണിച്ച് രണ്ട് ക്ലബ്ബുകൾക്കുണ്ടായിരുന്ന ചാവക്കാട് പോലീസിൻ്റെ വിലക്ക് നീക്കി. രണ്ട് ക്ലബുകൾക്കും കാഴ്ചകൾ നടത്താൻ പോലീസ് ഔദ്യോഗികമായി അനുമതി നൽകി. ബ്ലാങ്ങാട് ബീച്ച് എച്ച്.എം.സി, ബ്ലാങ്ങാട് മിറാക്കിൾസ് എന്നീ ക്ലബുകൾക്കാണ് കാഴ്ചകൾ നടത്താൻ അനുമതി നൽകിയത്. എടക്കഴിയൂർ നേർച്ചയ്ക്കിടയിൽ  ഇരു ക്ലബ്ബുകളിലെയും അംഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടാവുകയും രണ്ടുപേർക്ക് സാരമായി പരിക്കേൽക്കുകയും ചെയ്ത സംഭവത്തെ തുടർന്നാണ് ചാവക്കാട് പോലീസ് വരാനിരിക്കുന്ന നേർച്ചകളിൽ കാഴ്ചകൾ നടത്തരുതെന്ന് കാട്ടി ഇരു ക്ലബ്ബ് ഭാരവാഹികൾക്ക് നേരത്തെ നോട്ടീസ് നൽകിയിരുന്നത്. എടക്കഴിയൂർ നേർച്ചക്കിടയിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് തിരിച്ചടി ഉണ്ടാവാൻ സാധ്യതയുണ്ടെന്ന രഹസ്യ അന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് നടപടി. എന്നാൽ വരാനിരിക്കുന്ന നേർച്ചകളിൽ ഇരു ക്ലബ്ബുകളും  യാതൊരു പ്രശ്നങ്ങളും സൃഷ്ടിക്കില്ലെന്ന് ഉറപ്പു നൽകിയതോടെ പോലീസ് നിലപാട് മയപ്പെടുത്തുകയായിരുന്നു. ബ്ലാങ്ങാട് ബീച്ച് എച്ച്.എം.സി ക്ലബ്ബിന്റെ നേർച്ച ആഘോഷം ജനുവരി 28ന് വൈകീട്ട് ആരംഭിക്കുമെന്ന് ക്ലബ്ബ് പ്രസിഡണ്ട് തബ്ഷീർ മഴുവഞ്ചേരി അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments