കടപ്പുറം: കടപ്പുറം പഞ്ചായത്തിലെ തീരപ്രദേശങ്ങളെ ആകർഷകമായ ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുന്നതിന് സർക്കാറിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത്. കടപ്പുറം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ തൊട്ടാപ്പ് ബീച്ച് നടക്കുന്ന തീരോത്സവത്തിലെ സ്നേഹ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കടപ്പുറം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.പി മൻസൂർ അലി അധ്യക്ഷത വഹിച്ചു. സോഷ്യൽ മീഡിയ ഫെയിം അഹമ്മദ് നജാദ്, സംസ്ഥാന സ്കൂൾ കലോത്സവ മാപ്പിളപ്പാട്ട് വിജയി മിസ്ബ മുജീബ് എന്നിവർ മുഖ്യാതിഥികളായി. വ്യാപാരി വ്യവസായി ഏകോപനസമിതി കടപ്പുറം യൂണിറ്റ് പ്രസിഡന്റ് ആർ.ടി ജലീൽ, സി.ഡി.എസ് ചെയർപേഴ്സൺ ഇൻ ചാർജ് ഫൗസിയ ഉമ്മർ തുടങ്ങിയവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ മുഹമ്മദ് നാസിഫ് സ്വാഗതവും മെമ്പർ പി. എച്ച് തൗഫീഖ് നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന സാംസ്കാരിസംഗീത പരിപാടിയിൽ ഷബീർ അവതരിപ്പിച്ച ‘ഷെബി പാടുന്നു’ വേദിയിൽ അരങ്ങേറി. കൂടാതെ പ്രാദേശിക കലാകാരന്മാർ അവതരിപ്പിച്ച കലാപരിപാടികൾ അരങ്ങേറി. കടപ്പുറം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കാഞ്ചന മൂക്കൻ, സ്ഥിര സമിതി അധ്യക്ഷരായ ഹസീന താജുദ്ദീൻ, ശുഭ ജയൻ, മെമ്പർമാരായ ടി.ആർ ഇബ്രാഹിം, എ.വി അബ്ദുൽ ഗഫൂർ, സുനിത പ്രസാദ്, ബോഷി ചാണശ്ശേരി തുടങ്ങിയവർ നേതൃത്വം നൽകി. ഇന്ന് നടക്കുന്ന സ്നേഹ സംഗമം എൻ.കെ അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് നഫീസ കുട്ടി വലിയകത്ത്, ഗാനരചയിതാവ് ബി.കെ ഹരിനാരായണൻ എന്നിവർ പരിപാടിയിൽ മുഖ്യാതിഥികളായി പങ്കെടുക്കും. രാഗാസ ഫോക്ക് ബാന്‍ഡ് അവതരിപ്പിക്കുന്ന നാടൻ പാട്ട് പരിപാടി വേദിയിൽ അരങ്ങേറും.