തൃശ്ശൂർ: പീച്ചി ഡാം റിസർവോയറിൽ കുളിക്കാനിറങ്ങിയ നാലു പെൺകുട്ടികൾ അപകടത്തിൽപ്പെട്ടു. നാട്ടുകാർ ഉടൻതന്നെ എല്ലാവരേയും രക്ഷപ്പെടുത്തിയെങ്കിലും മൂന്നുപേരുടെ നിലഗുരുതരമാണെന്നാണ് വിവരം. ഇതിലൊരാൾ അതീവ ഗുരുതരാവസ്ഥയിലുമാണ്. തൃശ്ശൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അപകടത്തിൽപ്പെട്ട കുട്ടികൾ.
പതിനാറ് വയസുള്ള നിമ, അലീന, ആൻ ഗ്രീസ്, എറിൻ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. വൈകീട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്. പള്ളിപ്പെരുന്നാളിന്റെ ഭാഗമായി നിമയുടെ വീട്ടിലെത്തിയ സുഹൃത്തുക്കളായ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്.
ബഹളംവെച്ചതിനെ തുടർന്നാണ് നാട്ടുകാർ രക്ഷയ്ക്കെത്തിയത്. ഇവർ ഇറങ്ങിയ ഭാഗത്തുണ്ടായിരുന്ന കയത്തിൽ അകപ്പെട്ടതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രദേശവാസികൾ പറയുന്നത്.