ചാവക്കാട്: പാലയൂർ പള്ളിയിൽ മൈക്കിന് അനുമതി ഇല്ലാത്തതിനെ തുടർന്ന് ക്രിസ്മസ് ആഘോഷം തടഞ്ഞ എസ്.ഐ വിജിത്തിനെതിരെ വീണ്ടും നടപടി. എസ്.ഐ വിജിത്തിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റി. ക്രൈംബ്രാഞ്ചിലേക്ക് സ്ഥലംമാറ്റം. നിലവിൽ പേരാമംഗലം സ്റ്റേഷനിൽ നിന്നും വിജിത്തിനെ തൃശ്ശൂർ സിറ്റി ക്രൈംബ്രാഞ്ചിലേക്കാണ് വിജിത്തിനെ സ്ഥല മാറ്റിയത്. സംഭവത്തെ തുടർന്ന് നേരത്തെ ചാവക്കാട് നിന്ന് വീടിനടുത്തെ പേരാമംഗലത്തേക്ക് എസ്.ഐയെ സ്ഥലം മാറ്റിയിരുന്നു. ക്രിസ്മസ് തലേന്ന് രാത്രി 9.30 ഓടെയാണ് പാലയൂർ പള്ളി വളപ്പിൽ അരങ്ങേറിയ കരോൾ ഗാനം ചാവക്കാട് എസ്.ഐ വിജിത്ത് കെ വിജയൻ്റെ നേതൃത്വത്തിൽ പോലീസ് എത്തി തടഞ്ഞത്. പരിപാടിക്ക് അനുമതി വാങ്ങിയില്ലെന്ന് പറഞ്ഞായിരുന്നു പോലീസ് നടപടി. നിർദേശം ലംഘിച്ച് കരോൾ പാടിയാൽ തൂക്കിയെടുത്ത് എറിയുമെന്ന് ചാവക്കാട് വിജിത്ത് കെ വിജയൻ ഭീഷണിപ്പെടുത്തിയതായി ട്രസ്റ്റി അംഗങ്ങൾ ആരോപിച്ചിരുന്നു. ഇതോടെ പള്ളി അധികൃതർ മറ്റു ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയും പരിപാടി നടത്താൻ ഉന്നത പോലീസ് ഉദ്യോഗസ്ഥർ സമ്മതം മൂളുകയും ചെയ്തു. എന്നാൽ സമയം ഏറെ വൈകിയതിനാൽ പരിപാടി നടത്താനായില്ല. ഇതോടെ ചരിത്രത്തിൽ ആദ്യമായി കരോൾ ഗാനം മുടങ്ങുകയും ചെയ്തു.