Friday, January 10, 2025

പെരിയ ഇരട്ടക്കൊലക്കേസ്: ശിക്ഷമരവിപ്പിച്ച പ്രതികള്‍ ജയിലിന് പുറത്തിറങ്ങി, വന്‍സ്വീകരണം

കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസില്‍ ഹൈക്കോടതി ശിക്ഷ മരവിപ്പിച്ച നാലു പ്രതികള്‍ ജയിലില്‍നിന്ന് മോചിതരമായി. മുന്‍ എംഎല്‍എ അടക്കമുള്ള സിപിഎം നേതാക്കളായ പ്രതികള്‍ക്ക് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന് പുറത്ത് പാര്‍ട്ടിയുടെ വന്‍സ്വീകരണം ലഭിച്ചു.
കണ്ണൂര്‍-കാസര്‍കോട് സിപിഎം ജില്ലാ സെക്രട്ടറിമാരും പി.ജയരാജനുള്‍പ്പടെയുള്ള പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളും നേരിട്ടെത്തി പ്രതികളെ ജയിലില്‍നിന്ന് വരവേറ്റു. പ്രതികളായ നേതാക്കളെ രക്തഹാരം അണിയിച്ചാണ് സിപിഎം നേതൃത്വം സ്വീകരിച്ചത്.

കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ നാലുപേരുടെ ശിക്ഷയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ബുധനാഴ്ച മരവിപ്പിച്ചത്.

പ്രതികളെ പോലീസ് കസ്റ്റഡിയില്‍നിന്ന് കടത്തിക്കൊണ്ടുപോയെന്ന കുറ്റത്തിന് എറണാകുളം സി.ബി.ഐ. കോടതി ഉദുമ മുന്‍ എം.എല്‍.എ.യും സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ.വി. കുഞ്ഞിരാമന്‍, ഉദുമ ഏരിയ മുന്‍ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കെ. മണികണ്ഠന്‍, പാക്കം ലോക്കല്‍ മുന്‍ സെക്രട്ടറിയും വ്യാപാരി വ്യവസായി സമിതി മുന്‍ ജില്ലാ സെക്രട്ടറിയുമായ രാഘവന്‍ വെളുത്തോളി, പനയാല്‍ ബാങ്ക് മുന്‍ സെക്രട്ടറി കെ.വി. ഭാസ്‌കരന്‍ എന്നിവരെ അഞ്ചുവര്‍ഷത്തെ തടവിന് ശിക്ഷിച്ചതാണ് ഹൈക്കോടതി മരവിപ്പിച്ചത്.

രേഖകള്‍ ജയിലിലെത്താത്ത സാഹചര്യത്തില്‍ ബുധനാഴ്ച ഇവര്‍ക്ക് പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments