ചാവക്കാട്: 10 ഉം 11 ഉം വയസ്സുള്ള രണ്ട് ആൺകുട്ടിയെ ലൈംഗികമായി പീഢിപ്പിച്ച രണ്ട് കേസിൽ 52 വയസ്സുകാരന് 240 വർഷം കഠിന തടവ്. ഒരുമനയൂർ മുത്തമ്മാവ് മങ്ങാടി വീട്ടിൽ സജീവനെ(52)യാണ് ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി അൻയാസ് തയ്യിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. 10 വയസ്സുകാരനെ പീഡിപ്പിച്ച കേസിൽ 130 വർഷം കഠിന തടവും 8 ,75,000 രൂപ പിഴയും 11 പീഡിപ്പിച്ച കേസിൽ 110 വർഷം കഠിന തടവും 7,75,000 രൂപ പിഴയുമാണ് ശിക്ഷ. ആദ്യത്തെ കേസിൽ പിഴ അടച്ചില്ലെങ്കിൽ 35 മാസവും രണ്ടാമത്തെ കേസിൽ പിഴ അടച്ചില്ലെങ്കിൽ 31 മാസം കൂടി അധികതടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. 2023 ഏപ്രിൽ മാസത്തിലാണ് 10ഉം 11 ഉം വയസ്സുള്ള രണ്ട് ആൺകുട്ടികളെ ബൂസ്റ്റ് തരാമെന്നു പറഞ്ഞ് ഇയാൾ വീടിൻ്റെ ടെറസിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയത്. പീഡനത്തിനുശേഷം ഒരു പാക്കറ്റ് ബൂസ്റ്റും നൽകി കുട്ടികളെ വീട്ടിൽനിന്നും ഇറക്കിവിടുകയും ചെയ്തു. സംഭവത്തിന് മാസങ്ങൾക്കു ശേഷം പ്രതിയെക്കുറിച്ച് മോശമായ അഭിപ്രായം കേട്ട 10 വയസുകാരൻ്റെ മാതാവ് കുട്ടിയോടും സുഹൃത്തായ 11 വയസ്സുകാരനോടും വിവരങ്ങൾ ചോദിച്ചപ്പോഴാണ് ഇരുവരും പീഡനത്തിനിരയായ വിവരം അറിയുന്നത്. തുടർന്ന് ഇരുവരുടെയും രക്ഷിതാക്കൾ ചാവക്കാട് സ്റ്റേഷനിൽ പരാതി നൽകി. ഇതോടെ ചാവക്കാട് പോലീസ് സ്റ്റേഷനിലെ വനിതാ പോലീസുകാർ മൊഴി രേഖപ്പെടുത്തി. തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തി പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കേസിൽ പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും നിരവധി സാക്ഷികളെ വിസ്തരിക്കുകയും ഒട്ടേറെ രേഖകളും ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിജു മുട്ടത്ത്, അഡ്വക്കേറ്റ് സി നിഷ എന്നിവർ ഹാജരായി. സി.പി.ഒ മാരായ സിന്ധു, പ്രസീത എന്നിവർ കോടതി നടപടികൾ ഏകോപിപ്പിക്കുന്നതിനായി പ്രോസിക്യൂഷനെ സഹായിച്ചു.