നിലമ്പൂര്‍: വനംവകുപ്പ് ഓഫീസ് ആക്രമിച്ച കേസില്‍ പി.വി. അന്‍വര്‍ എം.എല്‍.എ.യ്ക്ക് ജാമ്യം. തിങ്കളാഴ്ചയാണ് നിലമ്പൂര്‍ കോടതി അന്‍വറിന് ജാമ്യം അനുവദിച്ചത്. കഴിഞ്ഞദിവസം അറസ്റ്റ് ചെയ്ത എം.എല്‍.എ.യെ റിമാന്‍ഡ് ചെയ്തിരുന്നു. ഉപാധികളില്ലാതെയാണ് അന്‍വറിന് കോടതി ജാമ്യം അനുവദിച്ചത്. എം.എല്‍.എ.യെ കസ്റ്റഡിയില്‍ ചോദ്യംചെയ്യണമെന്ന പ്രോസിക്യൂഷന്‍റെ ആവശ്യവും കോടതി തള്ളി.
പി.വി. അന്‍വറിന് അറസ്റ്റ് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ തന്നെ ജാമ്യം ലഭിച്ചത് സര്‍ക്കാരിനുള്ള തിരിച്ചടിയാണെന്ന് ഡി.എം.കെ. നേതാക്കള്‍ പ്രതികരിച്ചു. ഉപാധികളില്ലാതെയാണ് കോടതി അന്‍വറിന് ജാമ്യം അനുവദിച്ചതെന്നും കോടതി ഉത്തരവ് ജയിലിലെത്തിയാലുടന്‍ അന്‍വറിന് പുറത്തിറങ്ങാനാകുമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകനും മാധ്യമങ്ങളോട് പറഞ്ഞു.
ഞായറാഴ്ച രാത്രിയാണ് അന്‍വറിനെ പോലീസ് സംഘം വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത്. നാടകീയരംഗങ്ങള്‍ക്കൊടുവിലാണ് വന്‍ പോലീസ് സംഘം എം.എല്‍.എ.യുടെ വീട്ടിലെത്തി അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. തന്റെ അറസ്റ്റ് ഭരണകൂട ഭീകരതയാണെന്നായിരുന്നു അന്‍വറിന്റെ പ്രതികരണം. പിന്നാലെ അന്‍വറിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത് ജയിലിലടച്ചു.
കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ എം.എല്‍.എ.യുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം പ്രതിഷേധം അരങ്ങേറിയിരുന്നു. ഇതിനിടെ നിലമ്പൂര്‍ നോര്‍ത്ത് ഡി.എഫ്.ഒ. ഓഫീസിന്റെ പൂട്ട് തകര്‍ത്ത് ഉള്ളില്‍ കയറി സാധന സാമഗ്രികള്‍ നശിപ്പിച്ചെന്നാണ് കേസ്.
വനംവകുപ്പ് ഓഫീസ് ആക്രമിച്ച സംഭവത്തില്‍ പി.വി. അന്‍വര്‍ ഉള്‍പ്പെടെ 11 പേര്‍ക്കെതിരേയാണ് ജാമ്യമില്ലാ വകുപ്പുകള്‍പ്രകാരം പോലീസ് കേസെടുത്തത്. പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരുന്നത്. കേസെടുത്തതിന് പിന്നാലെയാണ് പോലീസ് സംഘം എം.എല്‍.എ.യെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത്.