Wednesday, January 22, 2025

പോലീസിനെ നിലത്തിട്ട് ചവിട്ടി, വലിയ നാശനഷ്ടം; അക്രമം അന്‍വറിന്റെ പ്രേരണയിലെന്ന് റിമാൻഡ് റിപ്പോർട്ട്

കോഴിക്കോട്: നോര്‍ത്ത് ഡി.എഫ്.ഒ. ഓഫീസ് ആക്രമിച്ചതുമായി ബന്ധപ്പെട്ട് പോലീസ് ഫയല്‍ ചെയ്തിരിക്കുന്ന കേസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. അക്രമികള്‍ പോലീസിനെ നിലത്തിട്ട് ചവിട്ടിയതായും ഓഫീസിന് 35000 രൂപയുടെ നഷ്ടം ഉണ്ടായിട്ടുള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവസമയത്ത് പി.വി. അന്‍വര്‍ എം.എല്‍.എ. ഓഫീസിനുള്ളില്‍ ഇല്ലായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ പ്രേരണയിലാണ് ആക്രമണം നടന്നത് എന്നാണ് ആരോപണം.

ആക്രമണം നടക്കുന്ന സമയത്ത് താന്‍ ഓഫീസിനകത്ത് ഉണ്ടായിരുന്നില്ല എന്നായിരുന്ന അന്‍വറിന്റെ പ്രതികരണം. എന്നാല്‍ ഇതിനെ തള്ളിക്കൊണ്ടുള്ള റിപ്പോര്‍ട്ടാണ് പുറത്തുവന്നിട്ടുള്ളത്. 40 പേരടങ്ങുന്ന സംഘം ലഹള നടത്താന്‍ ആസൂത്രണം ചെയ്തു, അതിക്രമം നടത്തി, ഒന്നുമുതല്‍ 10 വരെയുള്ള പ്രതികളാണ് നേരിട്ട് ആക്രമണത്തില്‍ പങ്കാളികളായത്. ഇവര്‍ പോലീസിനെ നിലത്തിട്ട് ചവിട്ടുകയും സാധനസാമഗ്രികള്‍ നശിപ്പിക്കുകയും ചെയ്തു.

ഏകദേശം 35000 രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത് എന്നടക്കമുള്ള വിവരങ്ങള്‍ വിശദമാക്കിയാണ് പോലീസ് കസ്റ്റഡി അപേക്ഷ തയ്യാറാക്കിയിട്ടുള്ളത്. ഒപ്പംതന്നെ പോലീസിന്റെ ഫോണ്‍ചോര്‍ത്തല്‍, ചേലക്കര തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം അടക്കം പി.വി. അന്‍വറിനെതിരെ നിലമ്പൂര്‍ പോലീസ് സ്‌റ്റേഷനിലുള്ള കേസുകളെക്കുറിച്ചും കസ്റ്റഡി അപേക്ഷയില്‍ പ്രതിപാദിച്ചിട്ടുണ്ട്.

അറസ്റ്റ് ചെയ്തത് എം.എല്‍.എ.യെ ആയതിനാല്‍ ഈ വിവരം നിയമസഭാ സ്പീക്കറെ അറിയിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍. പി.വി അന്‍വര്‍ മറ്റ് നാല് കേസുകളില്‍ പ്രതിയാണെന്നും സമൂഹത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതാണ് അന്‍വറിന്റെ പ്രവര്‍ത്തിയെന്നും രാഷ്ട്രീയ സാമ്പത്തിക സ്വാധീനമുള്ള പ്രതികള്‍ തെളിവ് നശിപ്പിക്കുന്നതും അന്വേഷണത്തിന് തടസം സൃഷ്ടിക്കുന്നതും ഒഴിവാക്കാണ് അറസ്റ്റ് എന്നും ജാമ്യം ലഭിച്ചാല്‍ ഒളിവില്‍ പോകാന്‍ സാധ്യതയെന്നും പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments