ഗുരുവായൂർ: ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂർ ക്ഷേത്രനടയിൽ ബി.ജെ.പി പരിപാടി സംഘടിപ്പിച്ച സംഭവത്തിൽ നടപടിയെടുക്കാതെ ബി.ജെ.പിയുമായി സി.പി.എം നേതൃത്വത്തിലുള്ള ഗുരുവായൂർ ദേവസ്വം ഭരണസമിതി ഒത്തുകളിക്കുകയാണെന്ന് കോൺഗ്രസ്സ് ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡന്റ് കെ.പി ഉദയൻ ആരോപിച്ചു. പരിപാടി നടന്ന് രണ്ടുദിവസം കഴിഞ്ഞിട്ടും കോടതി ഉത്തരവ് ലംഘിച്ച സംഘാടകർക്കെതിരെ പരാതി നൽകാൻ പോലും ദേവസ്വം തയ്യാറായിട്ടില്ല. ഇത് ബി.ജെ.പിയുമായുള്ള അവിഹിത കൂട്ടുകെട്ടിന്റെ ഫലമാണ്. ചേരിപ്പോര് രൂക്ഷമായ ദേവസ്വം ഭരണസമിതിക്ക് ഹൈക്കോടതി ഉത്തരവ് സംരക്ഷിക്കാൻ പോലും കഴിയുന്നില്ല. ക്ഷേത്രത്തിന്റെ ഗോപുര കവാടത്തിൽ തന്നെ ബി.ജെ.പി പരിപാടി സംഘടിപ്പിച്ചിട്ടും ഇതിനെതിരെ കേരളം ഭരിക്കുന്ന സി.പി.എമ്മിന്റെ ഭാഗത്തുനിന്നും ഒരു നടപടിയും ഉണ്ടായിട്ടില്ല. ക്ഷേത്രനടയിൽ പരിപാടി സംഘടിപ്പിച്ച വർക്കെതിരെ കേസെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

