Wednesday, January 22, 2025

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ മാധ്യമ-സാഹിത്യ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു

പൊന്നാനി: മനുഷ്യർക്കിടയിൽ അകൽച്ചയെ ഇല്ലാതാക്കലാണ് പുതിയ കാലത്തെ പുണ്യപ്രവൃത്തിയെന്ന് എം.പി അബ്ദുസ്സമദ് സമദാനി എം.പി പറഞ്ഞു. പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ 17-ാം വാർഷിക സമ്മേളനവും മാധ്യമ – സാഹിത്യ പുരസ്‌കാര സമർപ്പണവും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആശയ പോരാട്ടങ്ങളാണ് സമൂഹത്തിനിടയിൽ നടക്കേണ്ടത്. എന്നാൽ അർഥശൂന്യമായ സംഘട്ടനങ്ങളാണ് ഇപ്പോൾ മനുഷ്യർക്കിടയിൽ നടക്കുന്നത് സമദാനി പറഞ്ഞു. കൃത്രിമ സംസ്കാരത്തെ ചെറുത്തു തോൽപ്പിക്കുക എന്നത് പുതിയ കാലത്ത് അനിവാര്യമായ കാര്യമാണ്. എല്ലാവരെയും ചേർത്തു പിടിക്കലാണ് അജൻഡയായി സ്വീകരിക്കേണ്ടത്. മറ്റുള്ളവരെ ആക്ഷേപിക്കുകയെന്നത് പൊതുപ്രവർത്തനമെന്നാണ് ചിലർ കരുതിയിരിക്കുന്നതെന്നും എന്നാൽ ചേർത്തുപിടിക്കാനും ചേർന്നിരിക്കാനുമുള്ള വഴികൾ തുറന്നിടുന്ന സംരംഭങ്ങൾ പുതിയ കാലത്ത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. പി.സി.ഡബ്ല്യു.എഫ് കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് സി.എസ് പൊന്നാനി അധ്യക്ഷനായി. പി.സി.ഡബ്ല്യു.എഫ് മൂന്നാമത് മാധ്യമ പുരസ്‌കാരം എം.പി അബ്ദുസ്സമദ് സമദാനി എം.പിയിൽനിന്ന് മാതൃഭൂമി ലേഖകൻ ഫാറൂഖ് വെളിയങ്കോട് ഏറ്റുവാങ്ങി. ‘മാതൃഭൂമി’ യിൽ പ്രസിദ്ധീകരിച്ച ‘കണ്ണീർക്കടലോരം’ എന്ന വാർത്താ പരമ്പരക്കാണ് പുരസ്‌കാരം. മൂന്നര പതിറ്റാണ്ടുകാലം പൊന്നാനിയുടെ മാധ്യമ മേഖലയിൽ നിറസാന്നിധ്യമായി മാതൃഭൂമി ലേഖകൻ സി പ്രദീപ്‌കുമാറിന് പ്രത്യേക പുരസ്‌കാരം നൽകി ചടങ്ങിൽ ആദരിച്ചു. പ്രവാസി വ്യവസായിയും സഫാരി ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായ മടപ്പാട്ട് അബൂബക്കറാണ് പ്രത്യേക പുരസ്‌കാരം കൈമറിയത്. സാഹിത്യ പുരസ്‌കാരം എഴുത്തുകാരൻ കെ.പി രാമനുണ്ണി റിട്ട. അധ്യാപികയും എഴുത്തുകാരിയുമായ സീനത്ത് മാറഞ്ചേരിക്ക് നൽകി. പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ പ്രസിദ്ധീകരിച്ച പൊന്നാനിയുടെ ചരിത്രഗ്രന്ഥമായ പാനൂസ പരിഷ്ക്കരിച്ച പതിപ്പ് എം.പി അബ്ദുസ്സമദ് സമദാനി എം.പി കെ.സി അബൂബക്കർഹാജിക്ക് കൈമാറി പ്രകാശനം ചെയ്‌തു. പി.ടി അജയ്‌മോഹൻ, അഷ്‌റഫ് കോക്കൂർ, ഒ.സി സലാഹുദ്ദീൻ, ടി.വി അബ്ദുറഹിമാൻകുട്ടി, ഷിജിൽ മുക്കാല, എ.പി വാസു, നിഷാദ് അബൂബക്കർ, സത്താർ താമരശ്ശേരി, യു.കെ. അബൂബക്കർ, സി.വി മുഹമ്മദ് നവാസ്, ജി സിദ്ദീഖ്, കെ.പി മാധവൻ, കെ.ടി അബ്ദുൽ ഗനി തുടങ്ങിയവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments