കൊരട്ടി : ഭാര്യയെ കഴുത്തറുത്ത് കൊന്നശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ വീണ്ടും പോലീസ് അറസ്റ്റുചെയ്തു. ആലപ്പുഴ ആറാട്ടുവഴി ആര്യനാട് സൗത്തിൽ മണ്ണാംപറമ്പിൽ ബാബു (അച്ചാർ ബാബു-73)വിനെയാണ് പിടികൂടിയത്. 2001 ഒക്ടോബറിലാണ് ബാബു കൊരട്ടി തിരുമുടിക്കുന്ന് സ്വദേശിനിയായ ദേവകിയെ തുണി വായിൽത്തിരുകി വെട്ടുകത്തികൊണ്ട് വെട്ടിക്കൊന്നത്. ദേവകിയുടെ പേരിലുള്ള ആറു സെന്റ് സ്ഥലം തന്റെ പേരിലാക്കാനുള്ള ആവശ്യം നിരാകരിച്ചതാണ് കൊലപാതകത്തിലേക്കെത്തിച്ചത്. കൊലയ്ക്കുശേഷം ആറുപവൻ സ്വർണാഭരണങ്ങളും കവർന്നാണ് ഇയാൾ മുങ്ങിയത്.
ഒളിവിൽപ്പോയ ഇയാളെ എട്ടു വർഷത്തിനുശേഷം കൊരട്ടി എസ്.ഐ. പി. ലാൽകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടി. രണ്ടുവർഷത്തോളം ജയിലിൽക്കിടന്ന ഇയാൾ ജാമ്യം നേടിയശേഷം വീണ്ടും ഒളിവിൽപ്പോയി. നേരത്തേ ഇയാളുടെ കൈവിരലിന്റെ ഒരുഭാഗം നഷ്ടപ്പെട്ടിരുന്നു. അതിന് പെൻഷൻ ലഭിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ കോട്ടയത്തെത്തുന്ന വിവരം ലഭിച്ച കൊരട്ടി എസ്.എച്ച്.ഒ. അമൃതരംഗന്റെ നേതൃത്വത്തിൽ പോലീസ് നടത്തിയ നീക്കമാണ് വീണ്ടും അറസ്റ്റിൽ കലാശിച്ചത്.
കോട്ടയത്തുനിന്ന് കൊരട്ടിയിലെത്തിച്ച പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ദേവകിക്കു പുറമേ, ബാബു മറ്റുരണ്ട് വിവാഹങ്ങളും കഴിച്ചിട്ടുണ്ട്. കൊരട്ടി എസ്.ഐ.മാരായ ഒ.ജി. ഷാജു, സി.പി. ഷിബു,,സൈബർസെൽ എസ്.ഐ. സി.എസ്. സൂരജ്, സീനിയർ സി.പി.ഒ.മാരായ പി.കെ. സജീഷ് കുമാർ, പി.എസ്. ഫൈസൽ, സി.പി.ഒ. ശ്യാം പി. ആന്റണി എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്.